നിത്യ ചൈതന്യ യതി
ഇന്നു വന്ന ഒത്തിരി കത്തുകള്‍
അതില്‍ ഒന്നില്‍ ഒരു ചോദ്യം
സൌന്ദര്യം എന്നാല്‍ എന്ത്?
അതേ അറിയാവൂ.
എന്നാല്‍ എങ്ങനെ പറയും.
പറയാന്‍ തുടങ്ങുമ്പോള്‍ തന്നെ സൌന്ദര്യം മാത്രമല്ല,
അതിനെ ഉള്‍ക്കൊണ്ടിരിക്കുന്ന അറിവും കൂടി ആവിയായി പോകും.
എന്‍സൈക്ലോപീഡിയ എടുത്തു നോക്കിയാലോ അതിലുണ്ട്, എന്തുണ്ട്?
‘എയസ്തറ്റിക്ക്സ് ’ എന്ന്‍, അതു സൌന്ദര്യമാണോ?
സൌന്ദര്യശാസ്ത്രത്തിന്റെ പേരാണ്. ദാര്‍ശനികന് അതെപറ്റി വീക്ഷണം ഉണ്ടത്രെ.
ഏതു ദാര്‍ശനികന്? പ്ലേറ്റോയ്ക്ക് മൂപ്പരെന്താ പറയുന്നത്? ഒന്നും പറയുന്നില്ല.
അമ്പരന്നു നില്‍ക്കുകയണ്. പ്ലേറ്റോയുടെ പള്ളയ് ക്കൊന്നു കിറുമ്പി ചോദിക്ക് എന്താ സൌന്ദര്യമെന്ന്.
അദ്ദേഹത്തിന്റെ കണ്ണുകള്‍ സംസാരിക്കുന്നു.
ആശ്ചര്യം!
അതിനേക്കാള്‍ കുറെക്കൂടി പറയാന്‍
ക്യഷ്ണനറിയാം.
ക്യഷ്ണന്‍ പറയുന്നു;
ഒരുത്തനതിനെ ആശ്ചര്യമായി കാണുന്നു.
ആശ്ചര്യമായി പറയുന്നു.
ആശ്ചര്യമായി കേള്‍ക്കുകയും ചെയ്യുന്നു.
എന്നിട്ടോ;
ഒരു നിമിഷത്തില്‍ കൂടി ചിറകടിച്ചു വന്ന ആശ്ചര്യം
തീരുന്നതിനു മുന്‍പ്
നിമിഷം മറഞ്ഞു പോയി.
അതും ആശ്ചര്യം തന്നെ.
പ്ലേറ്റോ അടുത്തു വന്ന് മന്ത്രിക്കുന്നു.
അക്വിലസ്സിന്റെ പ്രതിമ
ഒരുത്തന്‍ ചിത്രത്തില്‍ വരച്ചു വച്ചിരിക്കുന്നു.
മനുഷ്യന്റെ പ്രതിഭാദാനത്തില്‍
ആശ്ചര്യ ദര്‍പ്പണമുണ്ട്.
ലോകത്തെ കണ്ണ് പകര്‍ത്തുന്നു.
കണ്ണിനെ മനസ്സ് പകര്‍ത്തുന്നു.
മനസ്സിനെ വാക്ക് പകര്‍ത്തുന്നു.
വാക്ക് ആത്മാവില്‍ വീണ് മറഞ്ഞു പോകുന്നു.
പൈതഗൊറസ് പറയുന്നു.
മുറുക്കി വച്ചിരിക്കുന്ന വീണക്കമ്പിയില്‍
ഒന്നു തൊട്ടുനോക്കൂ.
നാദഭൂവില്‍ നിന്നുയരുന്ന
തരംഗവീചി ചക്രവാളമില്ലാത്ത അന്തരീക്ഷത്തില്‍
പിന്നെ എന്നും അലഞ്ഞു നടക്കും.
ഔവ്വര്‍ ലൈബ്രറിയുടെ മുപ്പതാം വാര്‍ഷികമണെന്നറിഞ്ഞു..
ഒരു പുസ്തകം തുറന്നു നോക്കിയാല്‍ ഇത്രയും അപകടം ഉണ്ടാവുമെങ്കില്‍
ഔവ്വര്‍ ലൈബ്രറി മുപ്പത് വര്‍ഷത്തിനിടയില്‍
ഒത്തിരിപ്പേരെ ഉന്മാദികളാക്കിയിരിക്കും.
[ഔവ്വര്‍ ലൈബ്രറിയുടെ മുപ്പതാം വാര്‍ഷിക ആഘോഷങ്ങളൊടനുബന്ധിച്ചു
പ്രസിദ്ധീകരിച്ച സ്മരണിക 97 -നായി അയച്ചു തന്ന ചിന്തകള്‍]