ഏഴാച്ചേരി രാമചന്ദ്രന്‍
സൈമണ്‍ എന്ന പരദേശി പറഞ്ഞത്”
പണ്ടു വാണിഭച്ചെട്ടികള്‍ കൂട്ടമായ്
വന്നു പാര്‍ത്തോരിടമായിരിക്കണം,
ഇന്നു കുട്ടികള്‍ ഗോട്ടികളിയ്ക്കവേ
തങ്ങളില്‍ച്ചിരിച്ചാര്‍ക്കും മണല്‍ത്തടം.
അന്നു പായ്ക്കപ്പലില്‍വന്നിറങ്ങിയോര്‍
കൊണ്ടുവന്ന വിശിഷ്ടവസ്തുക്കളില്‍
കണ്ണുമഞ്ഞളിച്ചുള്ളവര്‍, പൂര്‍വീകര്‍,
എണ്ണിയാലൊടുങ്ങാത്ത പ്രതീക്ഷകള്‍.
ഈറനാം നിലാവേറ്റുമിനുങ്ങും
ഈ വിശുദ്ധ തീരത്തിന്റെ നെഞ്ചില്‍
ആദി താളത്തി, ന്നഗ്നി നാളങ്ങള്‍, വീ-
ണാഴി മുത്തുകള്‍ക്കര്‍ഥമുണ്ടായ നാള്‍,
മെല്ലെ മെല്ലെ വിവാഹങ്ങള്‍, നേര്‍ച്ചകള്‍,
കഞ്ഞി വീഴ്ത്തലും കപ്പം കൊടുക്കലും,
നാട്ടിടകളിലൂടെക്കഴുതകള്‍
നേര്‍ത്തകാറ്റത്തു മേഞ്ഞ സായന്തനം,
പുത്തനാകും ജനപദം, ശാസ്ത്രിമാ-
രെത്തി ദൈവങ്ങളോടുപദേശം,
ഒക്കെ ഞാന്‍ വിവരിയ്ക്കവേ, നീയെ-
ന്തര്‍ഥമില്ലാതെപൊട്ടിച്ചിരിയ്ക്കാന്‍?”
(2)
ആഗ്നസ് മേരിയുടെ ആത്മഗതം”പിന്നെയും മുഴുബ്ഭ്രാന്തനാം നിന്നെ
കണ്ടുമുട്ടിയ സന്തോഷമാകാം.
ഞാനുറങ്ങും മണല്‍ക്കൂന കാണാന്‍
നീ വരുമെന്നറിഞ്ഞ നേരം മുതല്‍
നാട്ടു പച്ചത്തൊടികളെല്ലാം ഞാന്‍
പൂക്കളാലേ വിതാനിച്ചു സൈമണ്‍.
ചിന്നവാണിഭ വസ്തുക്കള്‍ നീട്ടി
അന്നുനീയെന്റെ വതിലില്‍ മുട്ടി,
തങ്ങളില്‍ തിരിയായ്കയാല്‍ പേച്ചുകള്‍-
ക്കുള്ളില്‍ വിങ്ങിക്കുരുങ്ങി വികാരം.
എങ്കിലും നാമറിഞ്ഞതും തൊട്ടതും
ദൈവസന്നിധാനങ്ങളില്‍ മാത്രം.
കണ്ടുമുട്ടുമെന്നോര്‍ത്തീല കപ്പലില്‍
നിന്നു നീ കരം വീശിയ നേരം.
അത്യഗാധതയില്‍പ്പോയ് മന്നൊരാ-
ക്കപ്പല്‍ വീണ്ടും കടക്കരപ്പള്ളിയില്‍
കണ്ടെടുത്തു ചരിത്ര വിദ്യാര്‍ഥിക-
ളെന്നു കേട്ടു ഞാന്‍ കോരിത്തരിച്ചുപോയ്.
അസ്ഥികള്‍ മുളന്തണ്ടുകള്‍ക്കൊപ്പം
ഗല്‍ഗദങ്ങള്‍ പൊതിഞ്ഞു സൂക്ഷിയ്ക്കും.
മജ്ജയും മാംസവും പൂണ്ടു രാത്രിയില്‍
വര്‍ത്തമാനം പറയും വിതുമ്പും.
ചെട്ടികാടെന്ന വാക്കുചെമ്പോലയില്‍
കൃത്യമായ് നീയമര്‍ത്തിക്കുറിച്ചു.
നമ്മള്‍ കണ്ടു പിരിഞ്ഞതിന്‍ ശേഷം
ഒന്നു രണ്ടല്ല ജന്മാന്തരങ്ങള്‍
വെഞ്ചെരിച്ചു നീ നീട്ടിയ മോതിര-
ക്കല്ലു കാണുമാനെല്ലിച്ചുവട്ടില്‍.
പണ്ടു നീ കളിയാക്കിയ മട്ടിലെന്‍
കൈകളില്‍ കാണുമിപ്പൊഴും മീന്‍ മണം.
എങ്കിലും വന്നു മുത്തുക, പിന്നെയും
നമ്മിലൂടെത്തളിര്‍ക്കട്ടെ സന്ധ്യകള്‍.
ഹുക്കയില്‍ നിന്നു ഗന്ധപ്പുക പടര്‍-
ന്നൊക്കെ ഞാന്‍ മറന്നാടിയ രാത്രികള്‍
എത്രമേല്‍ രമണീയങ്ങള്‍, നിന്‍മിഴി-
ച്ചിത്ര വാതിലില്‍ പൂത്ത ഗമ്പലുകള്‍
മണ്ണടിഞ്ഞു തുറമുഖങ്ങള്‍, നിലാ-
ക്കണ്ണടഞ്ഞു വിളക്കുമരത്തിനും.
എങ്കിലും നീ തുഴഞ്ഞു വന്നു രതി-
ച്ചിന്തുകള്‍ നമുക്കൊന്നിച്ചു പാടാം.
പാതിരാമരച്ചില്ല ഡിസംബറിന്‍
ശീതപത്രം പൊഴിച്ചുകാക്കുന്നു.
ഏദനില്‍ വെച്ചു കണ്ടനമുക്കീ
ജീവിതങ്ങളെച്ചുംബിച്ചുണര്‍ത്താം.”