സി.ജീവന്‍ ആലപ്പുഴ
പുരാതനമായ കുശി നഗരത്തെ വലം ചുറ്റികടന്നുപോയ കാറ്റിന്റെ മര്‍മ്മരങ്ങളില്‍ നിന്ന് കാലത്തിന്റെ ചിലമ്പിച്ച ശബ്ദങ്ങള്‍ അയാളിലേയ്ക്ക് പെയ്തിറങ്ങിക്കൊണ്ടിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള അയാളുടെ വെങ്കലക്കണ്ണുകള്‍ ആര്‍ദ്രമാകുന്നത് നന്ദിതയറിഞ്ഞു. അവളുടെ മനസ്സിപ്പോള്‍ പത്മദളങ്ങള്‍ പോലെ വിടര്‍ന്നു വന്നു.
പുറത്ത് ഇപ്പോഴും കാറ്റ് വീശി കൊണ്ടിരുന്നു. ക്ലാവുപുരണ്ട അയാളുടെ അധരങ്ങള്‍ അനങ്ങി.
നീയാരാണ്?
ഞാന്‍ ഒരു ചരിത്രവിദ്യാര്‍ത്ഥിനിയാണ്.
അല്ല നീ ആരാണെന്നാണ് ഞാന്‍ ചോദിച്ചത്.കര്‍മ്മങ്ങളല്ല, കര്‍മ്മത്തിനപ്പുറത്ത് കാരണഭൂതമായ നിന്റെ സ്വത്വം തിരിച്ചറിഞ്ഞോയെന്നാണ്? അത് നീ സ്വയം തിരിച്ചറിയണം.കഴിഞ്ഞിട്ടുണ്ടോ?
ഇല്ല.
ഇല്ല.
കുട്ടീ, മനസ്സിനെ ബന്ധനങ്ങളില്‍ നിന്ന് സ്വതന്ത്രമാക്കുമ്പോള്‍ നിനക്കത് തിരഞ്ഞുകിട്ടും.
അങ്ങയോട് കുറച്ചു ചോദ്യങ്ങളുണ്ടായിരുന്നു.
എന്നെ ഗൌതാമായെന്നു വിളിക്കൂ. ഞാന്‍ ഗൌതമ ബുദ്ധന്‍. അല്ലെങ്കില്‍- യശോധര ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍, അവളുടെ ഉള്ളിന്റെയുള്ളില്‍ എന്നെ സിദ്ധാര്‍ദ്ധന്‍ എന്നു വിളിക്കുവാനുള്ള ആഗ്രഹം കിടപ്പുണ്ടാവില്ലേ? ഈ ആഗ്രഹത്തെയാണ് ഞാന്‍ നിരാകരിക്കാന്‍ പഠിപ്പിച്ചത്. നിന്റെ ലോകം ഇന്നും ആ ആഗ്രഹത്തിന്‍ നിന്ന് മുക്തയായോ? പേരുകളിന്‍ നിന്നു പോലും അര്‍ത്ഥങ്ങളെ അടര്‍ത്തിക്കളഞ്ഞ ഒരു കാലത്തല്ലേ നീ ജീവിക്കുന്നത്. എങ്കിലും നിന്നെ ഞാന്‍ എന്തു വിളിക്കണം?
എന്റെ പേര് നന്ദിത.
എങ്കില്‍ കേട്ടോളു, ചോദ്യങ്ങളില്ലാതെ ഞാന്‍ നിനക്കു വേണ്ടുന്ന ഉത്തരങ്ങള്‍ നല്‍കാം. നന്ദിത കാലങ്ങളീലൂടെ ചോദ്യങ്ങള്‍ മാറിക്കൊണ്ടേയിരിക്കും. പക്ഷേ എക്കാലത്തും ഉത്തരങ്ങള്‍ ഒന്നു തന്നെയായിരിക്കും
അറിവുകള്‍ വേദനയായിത്തീരുകയും ആ വേദനതന്നെ പിന്നീട് അറിവായി മാറുകയും ചെയ്യുന്ന പ്രതിഭാസം നിനക്കറിയുമോ? അത് അറിയുമ്പോഴാണ് നാം ആരാണെന്ന് നമ്മുക്ക് സ്വയം തിരിച്ചറിയാന്‍ കഴിയുന്നത്. മനസ്സാണ് വിബുദ്ധമാവേണ്ടത്, ബോധമല്ല. ബോധം മനസ്സിന്റെ വ്യാപരണം മാത്രമാണ്. അല്ലെങ്കില്‍ ബോധവും അബോധവും മനസ്സിന്റെ അവസ്ഥകളാണ്.ബോധത്തില്‍ നിന്നാണ് ബോധിയും ബുദ്ധിയും ബുദ്ധനുമുണ്ടായത്.
അന്ന് വൈശാഖത്തിലെ പൌര്‍ണ്ണമിയായിരുന്നുവെന്ന് കാലഗണന. അതിനു മുന്‍പും പിന്‍പും എത്രയോ വൈശാഖ പൌര്‍ണ്ണമികള്‍. നിങ്ങള്‍ ബുദ്ധപൌര്‍ണ്ണമി എന്നു വിളിക്കുന്ന ദിനങ്ങള്‍. ഇന്നും ഒരു ബുദ്ധപൌര്‍ണ്ണമിയാണ്. നോക്കൂ നന്ദിതാ, കുശിനഗരത്തിലെ ഈ ബുദ്ധവിഹാരത്തിനുള്ളില്‍ ഞാന്‍ കിടക്കുകയാണ്. ആറു മീറ്റര്‍ നീളത്തിലെ വെങ്കലത്തില്‍. മറ്റെവിടെയെങ്കിലും കിടക്കുന്ന ബുദ്ധനെ നീ കണ്ടിട്ടുണ്ടോ? എല്ലാം അറിഞ്ഞവന്റെ ശയനം.
നന്ദിത നെടുനീളം നോക്കി. ചുവന്ന പട്ടില്‍ പുതച്ചു കിടക്കുന്ന വെങ്കല്‍ പ്രതിമ. മുഖം മാത്രം വെളിയില്‍ കാണാം. തുടുത്ത കവിളുകളില്‍ തിളങ്ങുന്ന പതിഞ്ഞ നാസിക. നീണ്ടു തുടങ്ങിയ കാതുകളെവിടെ? തന്റെ സങ്കല്പത്തിലെ, ഇതുവരെ കണ്ടിട്ടുള്ള ചെവികളെയല്ലല്ലോ? ബുദ്ധന്റെ ഈ മുഖത്തിന് എത്ര പ്രായം വരുമെന്ന് എത്ര പ്രായം വരുമെന്ന് നന്ദിത മനസ്സില്‍ ചോദിച്ചു.
ബുദ്ധന്‍ ചിരിച്ചു.
ശബ്ദമില്ലാത്ത ചിരി.
മഹാ വിസ്ഫോടനത്തെ വിശേഷിപ്പിച്ച ശാസ്ത്രീയതയുടെ ബുദ്ധച്ചിരിയെക്കുറിച്ച് നന്ദിത കുറ്റബോധത്തോടെ ഓര്‍മ്മിച്ചു.
നന്ദിതാ, പ്രായം ജരാനരബദ്ധ ജീവിതത്തിലെ കാലത്തിന്റെ അടയാളപ്പെടുത്തലുകളാണ്. നിങ്ങളെപ്പോഴും അടയാളങ്ങളിലാണ് ജീവിക്കുന്നത്. എനിക്കു ശേഷം കാലം പിന്നെയും കൊള്ളരുതാതായപ്പോള്‍ എന്നെപ്പോലെ ഒരാള്‍ വന്നു. നിങ്ങളയാളെ കുരിശില്‍ തറച്ചു. അവസാനം കുരിശു മാത്രമായി. മഹത്വവല്‍ക്കരിക്കപ്പെട്ട അടയാളം, നിങ്ങള്‍ക്കെപ്പോഴും ഒരു അടയാളമാണ് വേണ്ടത്.
അടയാളങ്ങളില്‍ നിന്ന് നിന്റെ മനസ്സിനെ മുക്തമാക്കുക. ചിലതെല്ലാം നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്തെങ്കിലും ഞാന്‍ പറഞ്ഞതൊന്നും അടിച്ചേല്‍പ്പിക്കലുകളായിരുന്നില്ല. നിന്റെ കാലം മുന്‍പത്തേക്കാളേറെ രൂക്ഷമായിക്കൊണ്ടിരിക്കുന്നത് നീയറിയുന്നില്ലേ? ഏറ്റവും അപകടകരമായ കാലത്തിലാണ് നീ ജീവിക്കുന്നത്. അപ്പോഴും ഞാനിവിടെ കിടക്കുന്നു. എന്റെ വാക്കുകളെവിടെ? ശിലാലിഖിതങ്ങളെഴുതിയ രാജാക്കന്മാരുടെ അസ്തമനങ്ങള്‍ ഞാന്‍ കണ്ടു. ഞാനും ഒരു രാജാവായിരുന്നേനെ. ചരിത്രത്തിന്റെ താളുകളില്‍ ശുദ്ധോധനന്റെ മകനായ സിദ്ധാര്‍ത്ഥ രാജാവ് എന്ന് രണ്ടു വരിയില്‍ ഞാന്‍ കിടന്നേനെ. അപ്പോള്‍ നിനക്കെന്നെ കാണാന്‍ കഴിയില്ലായിരുന്നുവല്ലോ? രാജകുമാരനില്‍ നിന്ന് ഞാന്‍ വിടുതി നേടി പക്ഷേ ക്ഷത്രിയനില്‍ നിന്ന് ഞാനെങ്ങനെയാണ് വിടുതി നേടിയത്?
തൃഷ്ണയെന്നും അഹിംസയെന്നും കുറെ വാക്കുകളിലേയ്ക്കു നിങ്ങളെന്നെ പരിവര്‍ത്തനം ചെയ്തെടുത്തു. ബുദ്ധം ശരണമെന്നും ധര്‍മ്മം ശരണമെന്നും മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. പിന്നിടെപ്പോഴോ സംഘം ശരണം എന്നു കേട്ടു തുടങ്ങി. ആദ്യത്തെ പിഴവ്. ഞാനും എന്റെ ആശയങ്ങളില്‍ നിന്ന് ആദ്യം വഴുതിപ്പോയിരുന്നു. പിന്നിട് അത് എന്റെ ആശയമായിത്തന്നെ ഭവിച്ചു. എപ്പോഴോ എന്റെ ചിറ്റമ്മ ദൌര്‍ബല്യമായിത്തീര്‍ന്നു. പിന്നെ ആനന്ദനും.
അങ്ങനെയാണു സങ്കേതങ്ങളില്‍ ഭിക്ഷുണികളുണ്ടായിത്തീര്‍ന്നത്. ചിറ്റമ്മയുടെ നിര്‍ബന്ധമായിരുന്നു. അന്നു തൊട്ടതെല്ലാം തെറ്റി. കാലം ആവശ്യപ്പെടുന്നതേ നാം പ്രാവര്‍ത്തികമാക്കിയിരുന്നുള്ളു. കാലം എന്നെ പഠിപ്പിച്ചത് അതാണ്.
ഗൌതമന്‍ കുറേ നേരം മിഴിപൂട്ടിക്കിടന്നു.
നന്ദിത ബുദ്ധന്റെ മുഖത്തേയ്ക്കു നോക്കിയിരുന്നു. അവളോര്‍ത്തു. നൂറ്റാണ്ടുകളിലൂടെ ബുദ്ധന്റെ മുഖത്തിന് സ്വര്‍ണ്ണ വര്‍ണ്ണമായിരിക്കുന്നു. സാരനാഥിലെ ജനക്കൂട്ടത്തോടു സംസാരിച്ച ബുദ്ധനെവിടെ?
നന്ദിത ബുദ്ധനെ വിളിച്ചു,
ഗൌതമാ…
ബുദ്ധന്‍ മിഴിതുറന്ന്.
നന്ദിതാ, നട്ടമണ്ണില്‍ വേരുകളില്ലതെ പോയവനാണ് ഞാന്‍. അത് ദു:ഖമല്ല. കാരണം തൃഷ്ണയില്ലാത്തവനായ് ഞാന്‍ ദു:ഖത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്തവനാണ്. അഷ്ടാംഗമാര്‍ഗ്ഗത്തിലൂടെ നിനക്കെന്നെ കാണാന്‍ കഴിയുന്നില്ലേ? ഞാനറിയുന്നു ജനം ഇപ്പോഴും ഐഹീക ദു:ഖത്തിലാണ്. ഞാന്‍ പറഞ്ഞതധികവും മനുഷ്യന്റെ സന്മാര്‍ഗ്ഗിക ജീവിതത്തെ ലക്ഷ്യമാക്കിയായിരുന്നു. അതിലൂടെ മാത്രമേ പരിശുദ്ധവും ധര്‍മ്മിഷ്ഠവുമായ ഒരു സാമൂഹ്യജീവിതം ഉണ്ടായിത്തീരുകയുള്ളു. എനിക്കിപ്പോഴും പറയാനുള്ളത് അതാണ്.
എന്റെ മൌനം പലപ്പോഴും പൂരണമില്ലാതെപോയ സമസ്യകളായിരുന്നു. ഞാന്‍ പറയാതെപോയ പലതുമുണ്ട്. അല്ലെങ്കില്‍ കാലം എന്നിലൂടെ കൂട്ടിച്ചേര്‍ക്കേണ്ടുന്ന തിരുത്തലുകള്‍ ആവശ്യപ്പെടുന്നതുപോലെ തോന്നുന്നു, തോന്നലുകളല്ല. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് ഞാന്‍ പാഠങ്ങളറിഞ്ഞത്. മാനവരാശിയ്ക്കു വേണ്ടി ബൌദ്ധീകമായ ജ്ഞാനം സംഭവിച്ചപ്പോള്‍ എന്റെ സിരകളിലോടിയ ക്ഷത്രിയ രക്തം എങ്ങനെ വഴങ്ങിയെന്ന് എനിക്കിപ്പോഴും അറിയില്ല. നന്ദിതാ ജന്മം കൊണ്ട് ക്ഷത്രിയനല്ലായിരുന്നുവെങ്കില്‍ വൈദീകതയുടെ താളിയോലകളില്‍ നിനക്ക് ബുദ്ധപുരാണം കൂട്ടിവായിക്കാമായിരുന്നു. കുട്ടീ, ഞാനിപ്പോള്‍ ത്രിപിടകത്തിനപ്പുറം വളിയിലെവിടെയോ ആണെന്നാണ് എന്റെ തോന്നല്‍. നന്ദിതാ… നിങ്ങള്‍ ക്രോഡീകരിച്ച ത്രിപിടകത്തിനപ്പുറം അല്ലെങ്കില്‍ അഷ്ടാംഗമാര്‍ഗ്ഗത്തിനപ്പുറം ഞാനേതു മാര്‍ഗ്ഗമാണ് ഇനിയും പറഞ്ഞു തരേണ്ടത്?
നന്ദിത ബുദ്ധന്റെ പാദങ്ങളില്‍ സ്പര്‍ശിച്ചു. പെട്ടന്ന് വെങ്കല്‍ പ്രതിമ ചെറുതായി വരുന്നതായി അയാള്‍ക്കു തോന്നി. ഇമയനക്കാതെ അവള്‍ നോക്കിയിരുന്നു. ഇപ്പോള്‍ ഉള്ളംകൈയോളം പ്രതിമ ചെറുതായി വന്നു.
അവളുടെ കൈവെള്ളയില്‍ ബുദ്ധന്‍ കിടന്നു.
പുറത്ത് കാറ്റു വീശി. കാറ്റിനിപ്പോള്‍ ആലിലകളുടെ മര്‍മ്മരമായിരുന്നു.
ബുദ്ധമതത്തിന്റെ അടയാളമായിക്കിടന്ന വെങ്കല്‍ പ്രതിമയുടെ അരികിലേയ്ക്കണയുവാന്‍ അനുയായികളും ആരാധകരും സന്ദര്‍ശകരും വന്നുകൊണ്ടേയിരുന്നു.
നന്ദിത പുറത്തേയ്ക്കിറങ്ങി.
വൈശാഖ പൌര്‍ണ്ണമി നിറഞ്ഞു നിന്ന രാവ്. അവള്‍ തെരുവിലൂടെ നടന്നു. ഇനി ഒരിടവും സന്ദര്‍ശിക്കണമെന്ന് അവള്‍ക്കു തോന്നിയില്ല. എത്രയും വേഗം നാട്ടിലെത്തണം. അവള്‍ കേരളത്തിലേയ്ക്കു വണ്ടി കയറി.
കരുമാടിയില്‍ കൈയൊടിഞ്ഞ കറുത്ത ബുദ്ധനു മുന്നില്‍ നില്‍ക്കുമ്പോള്‍, നന്ദിത ബുദ്ധമതത്തെക്കുറിച്ച് പഠിക്കുവാന്‍ പോയ ചരിത്രവിദ്യാര്‍ത്ഥിനിയല്ലായിരുന്നു.
കരുമാടിയെ വലം ചുറ്റിക്കടന്നുപോയ കറ്റില്‍ ആലിലകളുടെ മര്‍മ്മരം നന്ദിതയറിഞ്ഞു. കേരളത്തിലെ പുരാതനമായ ബുദ്ധവിഹാരം സ്ഥിതിചെയ്യുന്ന കരുമാടി ഇപ്പോള്‍ ഒരു പര്‍ഗ്ഗാനയായി. കരുമാടിയുടെ ചുറ്റുവട്ടത്തത്രയും മധ്യകാലം ഉണര്‍ന്നു കിടന്നു.
കുശിനഗരത്തിനും കരുമാടിയ്ക്കുമിടയില്‍ ഒരുപാടു ദൂരമില്ലെന്നും B.C.567 നും A.D 2007 നു മിടയിലെ കാലദൈര്‍ഘ്യം കൈവെള്ളയിലെ വെങ്കല പ്രതിമയോളം ചുരുങ്ങുന്നതായും നന്ദിതയറിഞ്ഞു.
രാത്രിയില്‍, നന്ദിത അവളുടെ മുറിയില്‍ അച്ഛന്റെ ഷേവിംഗ് സെറ്റെടുത്ത് തന്റെ സമൃദ്ധമായ മുടി വടിച്ചിറക്കാന്‍ തുടങ്ങി. നിലക്കണ്ണാടിയില്‍ അവള്‍ കണ്ടു, മുണ്ടനം ചെയ്ത ശിരസ്സ്. കണ്ണാടിയിലെ പ്രതിരൂപത്തില്‍ ഇപ്പോള്‍ വെങ്കലക്കണ്ണുകള്‍ തിളങ്ങി.