മീര ആലപ്പാട്
മാഞ്ഞുപോയ സ്വപ്നത്തിന്റെ അവശേഷിപ്പുകള്‍ ചേര്‍ത്തുവെയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ശിഖയുടെ ചിന്താമണ്ഡലം. കിനാവില്‍ കണ്ട അവ്യക്തമായ ആ രൂപം തന്റെ ഭര്‍ത്താവിന്റെതായിരുന്നുവോ, അതോ തന്റെ അരികിലുറങ്ങും കുഞ്ഞിന്റെയോ. അവനെ ചേര്‍ത്തു പിടിച്ചു കൊണ്ട് കിടക്കുമ്പോള്‍ അവന്റെ ശരിരതാപം അവളുടെ ദേഹത്തെ പെള്ളിച്ചു. തണുപ്പിലും അവന്റെ പനിച്ചുടില്‍ അവള്‍ വിയര്‍ത്തു. മുന്നുദിവസമായി കടുത്ത പനിയുമായി അവന്‍ കിടക്കുന്നു. ഇതുവരെ ഒരു മരുന്നും കൊടുക്കാന്‍ പറ്റിയിട്ടില്ലല്ലോ…… അവള്‍ വേദനയോടെ ഓര്‍ത്തു.
ഇരുട്ടിന്റെ മൌനത്തെ കീറി ഭിത്തികള്‍ക്കപ്പുറത്തുനിന്നും ഒരു കുട്ടിയുടെ കരച്ചില്‍ ഉയര്‍ന്നു. തനിക്കുചുറ്റും കിടക്കുന്നവര്‍ വ്യഥയും, വിശപ്പുമായി ഉറങ്ങാതെ കിടക്കുകയാണെന്ന് അവള്‍ക്കറിയാമായിരുന്നു. ഇവിടെ നിന്നും ലഭിച്ച പഴകിയ ഏതാനും ഉടുപ്പുകളല്ലാതെ ഒന്നും സ്വന്തമായില്ലാത്ത, ജന്മംകൊണ്ടവംശത്തിന്റെ പേരില്‍ നശിപ്പിക്കപ്പെട്ടുപോയ കുടുംബങ്ങളിലെ അവശേഷിച്ച ഒരു കുട്ടം മനുഷ്യര്‍. ഒരു ജനതയ്ക്കും നന്മവരുത്താത്ത, നാശം മാത്രം വിതയ്ക്കുന്ന അന്ധമായ ചില വിശ്വാസങ്ങളും, ആദര്‍ശങ്ങളും തകര്‍ത്ത ജിവിതങ്ങള്‍. വംശിയവാദത്തിന്റെ തീജ്വാലയില്‍ എരിഞ്ഞടങ്ങിയ പ്രിയപ്പെട്ടവരെ ഓര്‍ത്തു വിലപിക്കുന്നവര്‍.
ചോരവിണ് നനഞ്ഞ മണ്ണില്‍ ഛേദിക്കപ്പെട്ടു കിടക്കുന്ന അവയവങ്ങള്‍. ഗ്രാമത്തിനിപ്പോള്‍ ചിഞ്ഞ മാംസത്തിന്റെ ഗന്ധമായിരിക്കും. പരസ്പപരം കൊന്ന് കുറെ അനാഥരെ സ്രഷ്ടിക്കുക എന്നതില്‍ കവിഞ്ഞ് ഇരുവംശജരും എന്തുനേടി എന്നവള്‍ ഓര്‍ത്തു.
“ശിഖാ പോകു……
എന്ന ഭര്‍ത്താവിന്റെ അലര്‍ച്ച ഇപ്പോഴും അവളുടെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു. ഞങ്ങളാല്‍ ഭരിക്കപ്പെടേണ്ടവരാണ് നിങ്ങളെന്ന വാദമായിരുന്നു. ഗ്രമത്തിലെ രണ്ടുവംശങ്ങളും തമ്മിലുണ്ടായിരുന്നത്. രണ്ടുകുട്ടരും തിരഞ്ഞെടുപ്പിനു നിര്‍ത്തിയ ആളുകളുടെ വിജയത്തെ ചൊല്ലിയാണ് കലാപം തുടങ്ങിയത്. പിന്നിട് തിരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്നുണ്ടായ ലഹള ഗ്രാമത്തെ ഒരു ശവപ്പറമ്പാക്കി. കുര്‍ഗികളുടെ വെട്ടേറ്റു പിടയുന്ന ഭര്‍ത്താവിന്റെ ചോരപുരണ്ട മുഖം, അറ്റുവീഴുന്ന ആരുടെയൊക്കയൊ അവയവങ്ങള്‍. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അടയുന്ന മിഴികളില്‍ ആ കഴ്ച്കളാണ്. പ്രേതഭുമിയായി തിര്‍ന്ന ഗ്രാമങ്ങള്‍.
സര്‍ക്കാരിന്റെ അഭയകേന്ദ്രത്തില്‍ എത്തിയതിനെക്കുറിച്ച് ശിഖയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. കാലിലേറ്റ മുറിവുമായി ഒരു ഉരഗത്തെപ്പോലെ ഇഴഞ്ഞ തന്റെ കയ്യില്‍നിന്നും കുഞ്ഞ് ഊര്‍ന്നുപോയതു മാത്രമേ ഓര്‍മ്മയുണ്ടായിരുന്നുള്ളു. പ്രജ്ഞ തിരിച്ചെത്തിയപ്പോള്‍ ഇവിടെ ഈ പുല്‍പ്പായി കിടക്കുകയായിരുന്നു. ചുറ്റും വിലപിക്കുന്ന ഒരു കുട്ടം മനുഷ്യര്‍ കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് കരയുന്ന അമ്മമാര്‍, വൃദ്ധരുടെ ജരാരേഖകള്‍ ബാധിച്ച മുഖത്തെ കണ്ണിര്‍പ്പാട് ഉണങ്ങിയിരുന്നില്ല. യുവാക്കളെ ആരേയും ആ കുട്ടത്തില്‍ കണ്ടില്ല. അവിടെയുള്ളവര്‍ എല്ലാം തന്റെ വംശജര്‍ ആണെന്നു തിരിച്ചറിവില്‍ പലതും വ്യക്തമാകുകയായിരുന്നു ആരോകെട്ടിവെച്ച മുറിവിലെ ചോര അപ്പോഴും ഉണങ്ങിയിരുന്നില്ല അലമുറയോടെ ഒരു കുട്ടം സ്ത്രീകളും കുട്ടികളും കെട്ടിടത്തിന്റെ മറുവശത്തേക്ക് നടന്നുപോകുന്നുണ്ട്. ആ കുട്ടത്തില്‍ വര്‍ദയെ കണ്ടു തന്റെ കുട്ടുകാരി. വംശങ്ങളുടെ വിഭജനത്തിനും എത്രയോ മുന്‍പ് ഒന്നിച്ചു കളിച്ചുവളര്‍ന്നവര്‍, സ്നേഹത്തോടും, വിശ്വാസത്തോടും കഴിഞ്ഞ ദിനങ്ങള്‍, ഇന്നും മനസ്സിലുണ്ട്.
ഞങ്ങള്‍ കുര്‍ഗി വംശജരാണ് ഒരു പടിയെങ്കിലും ഉയര്‍ന്നത്, നിങ്ങള്‍ ഞങ്ങളുടെ കല്പനകളില്‍ പലതും അനുസരിക്കേണ്ടവരാണെന്നു പറഞ്ഞ് മേല്‍ക്കോയ്മയ്ക്കുവേണ്ടി ലഹളയ്ക്ക് ഒരുങ്ങിയവരില്‍ പ്രധാനി വര്‍ദയുടെ ഭര്‍ത്താവ് തന്നെയായിരുന്നു.
ഒരിക്കല്‍ തന്നോടു സംസരിച്ചതിന് വര്‍ദയെ അയാള്‍ മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നത് കണ്ട് നിസ്സഹായയായി കരയാനേ തനിക്കു കഴിഞ്ഞുള്ളു. തന്റെ ഭര്‍ത്താവിനെയും കുടുംബത്തേയും നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയതും അയാള്‍ ആയിരുന്നു. ഒരു കുലത്തെ നശിപ്പിച്ച് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച കുര്‍ഗിവംശത്തിലെ വര്‍ദയുടെ ഭര്‍ത്താവിനേയും മറ്റു പലരേയും തങ്ങളുടെ ആള്‍ക്കര്‍ കൊന്നു
ഇന്ന് അഭയാര്‍ത്ഥി ക്യമ്പിന്റെ ഇരുവശവും അനാഥരായ രണ്ടു വംശത്തിന്റെ ജനിതകരുപങ്ങള്‍. വര്‍ണ്ണവും വര്‍ഗ്ഗവും തിരിച്ച് മനുഷ്യരെ വിഭജിച്ചത് ആരാണ് എന്നവളോര്‍ത്തു. ഈ ഭിത്തിക്കപ്പുറം കഴിയുന്ന വര്‍ദയുടെ മകന്റെയും തന്റെ മകന്റെയും പനിച്ചുട് ഒരുപോലെയാണന്നവള്‍ക്കുതോന്നി. കാലത്തിനോ, ശാസ്ത്രത്തിനോ, ലിഖിതനിയമങ്ങള്‍ക്കോ തിരുത്താനാകാത്ത പകയാല്‍ അന്ധമായ മനസ്സായിരുന്നു ഗ്രമത്തിലെ പുരുഷന്മാരുടേത്.
ഇന്ന് ക്യാമ്പുകളില്‍ മരുന്നോ,ഭക്ഷണമോ ലഭിക്കാതെ കഴിയുന്ന അച്ഛനമ്മമാരേയും സഹോദരങ്ങളേയും, ഭര്യയേയും മകനേയും ഏതു ആദര്‍ശങ്ങളാണ് തുണയ്ക്കുകയെന്ന്, നെഞ്ചില്‍ അഗ്നിയും, കണ്ണില്‍ പകയുമായി നടക്കുന്ന, തിവ്രവാദികളോ ചിന്തിച്ചിരുന്നെങ്കില്‍ എന്നവളാശിച്ചു. ശ്വസിക്കാന്‍ വിമ്മിട്ടപ്പെടുന്ന മകനെ അവള്‍ ചേലകൊണ്ട് പൊതിഞ്ഞ് ഹൃദയത്തോട് ചേര്‍ത്തുകിടത്തി. നിദ്ര അകന്നുപോയ രാവിന്റെ അവസാനമാകാറായിരിക്കുന്നു. ഏതോ പക്ഷിയുടെ ചിറകടി അവള്‍ കേട്ടു ചുറ്റും കിടന്നവരില്‍ പലരും എഴുന്നേറ്റ് ഭിത്തിയില്‍ ചാരിയിരുന്ന് നെടുവീര്‍പ്പെട്ടു. അവര്‍ പറഞ്ഞു.
“ശിഖ, രാത്രികളിന്ന് പകലുകള്‍ പോലെ നിദ്രാവിഹീനാമാണ്. കണ്ണുകളടച്ചാല്‍ ചോര പുരണ്ട വികൃതമുഖങ്ങളാണ് കാണുക. പിന്നെങ്ങനയാണ് ഉറക്കം വരുക”
വെളുപ്പാന്‍കാലശൈത്യത്തില്‍ ഞെട്ടിവിറയ്ക്കുന്ന മകനെ അവള്‍ നെഞ്ചോടുചേര്‍ത്തു. മരുന്ന് ഇന്നുവരും നാളെവരും എന്നുപറയുന്നതല്ലാതെ ഒരു ഗുളികപോലും കിട്ടിയില്ലല്ലോ എന്ന ചിന്തയില്‍ അവള്‍ ഭയപ്പെട്ടു. തളര്‍ന്ന ശരിരത്തിന്റെ ഭാരം ഭിത്തിയില്‍ ചാരി അവളിരുന്നു. മടിയില്‍ കിടത്തിയ കുഞ്ഞിന്റെ പാതിയടഞ്ഞ കണ്ണുകളില്‍ നോക്കിയിരുന്ന് ശിഖ നിശ്ശബ്ദയായി കരഞ്ഞു
അവളേയും കുഞ്ഞിനേയും നോക്കിയിരുന്ന മറ്റുള്ളവര്‍ അവര്‍ക്ക് നഷ്ട്പ്പെട്ട, പ്രിയപ്പെട്ടവരെകുറിച്ച് പറഞ്ഞു. എല്ലാം സഹിച്ചല്ലേ പറ്റു….. എന്നുപറഞ്ഞവര്‍ വിധിയെ പഴിക്കുമ്പോള്‍ അത് തനിക്കുള്ള മുന്നറിയിപ്പാണോ. തന്റെ മകന്‍ മരിക്കുമെന്ന സുചനയാണോ…. അവള്‍ സംശയിച്ചു.
ഇല്ല, അവന്റെ പനികുറയും, കണ്ണുതുറക്കും, തന്നെ നോക്കി ചിരിക്കും, അവ്യക്തമായെങ്കിലും അമ്മേയെന്ന് വിളിക്കും അവള്‍ അവന്റെ നെറുകയില്‍ ഉമ്മവെച്ചു അടുത്തിരുന്ന വൃദ്ധ, അവന്റെ ശിരസ്സില്‍ തലോടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അതൊരു അന്ത്യപ്രാര്‍ത്ഥനപോലെയാണ് അവള്‍ക്ക് തോന്നിയത്, പുലരിയില്‍ റൊട്ടി വിതരണത്തിനെത്തിയവരുടെ മുന്നില്‍ നിന്നവള്‍ കേണു.
“യജമാനനേ……. എന്റെ കുഞ്ഞിന് അസുഖം വളരെ കുടുതലാണ്, മരുന്നുവല്ലതും തരണേ”
ഉദ്യോഗസ്ഥന്‍ വെറുപ്പോടെ അവളുടെ മുഖത്തു നോക്കി പറഞ്ഞു.
“പരസ്പരം കൊന്നുതിന്നുന്ന പിശാചുക്കള്‍ക്ക് നിന്റെ മകന്റെ ശവം തിന്നാന്‍കൊട്…….
കുര്‍ഗികള്‍ക്ക് നേരേ വിരല്‍ചുണ്ടി അയാളലറി.
അവള്‍ വീണ്ടും അയാളോട് കേണു.
“യജമാനനേ എന്റെ കുഞ്ഞ്….
അവളുടെ മുഖത്തെ ദൈന്യത അയാളെ അലിയിച്ചു. മരുന്ന് എത്തിച്ചാലുടന്‍ തരാം എന്നു പറഞ്ഞ് റൊട്ടിക്കഷണങ്ങള്‍ അവളുടെ നേരേനീട്ടി. അന്ന് പതിവിലും കുടുതലായി ഏതാനും റൊട്ടിക്കഷ്ണങ്ങള്‍ കൂടുതലായുണ്ടായിരുന്നു. റൊട്ടി വാങ്ങി പിന്തിരിയുമ്പോള്‍ അവള്‍ ക്യുവില്‍ നില്‍ക്കുന്ന വര്‍ദയേയും മക്കളെയും കണ്ടു. അവളുടെ മൂന്നു മക്കളും റൊട്ടിക്കുവേണ്ടി വഴക്കിടുകയായിരുന്നു. തന്നെ നോക്കുന്ന വര്‍ദയുടെ കണ്ണുകളിലെ കണ്ണീരിന്റെ തിളക്കത്തിലേക്ക് നോക്കി ശിഖ അല്പനേരം നിന്നു. അവരുടെ കണ്ണുകള്‍ കൊണ്ടുള്ള സംസാരം വീക്ഷിച്ചുനിന്ന മറ്റുള്ളവര്‍ വിളിച്ചു പറഞ്ഞു.
“ശിഖ, ഇവിടെ നിങ്ങളുടെ ചങ്ങാത്തം വേണ്ട, കുര്‍ഗികളാണ് നമുക്കുള്ളതെല്ലാം നശിപ്പിച്ചത്. അതു മറക്കരുത്.”
ഇവിടുത്തെ പരിമിതിയില്‍ അന്നന്നു നല്‍കുന്ന ഭക്ഷണവും വെള്ളവും കുടിച്ച് ദിവസങ്ങള്‍ തള്ളിനീക്കുന്ന അവസ്ഥയിലും എന്തിനാണിവര്‍ മനുഷ്യനെ തരംതിരിക്കുന്നതെന്നവള്‍ക്ക് തോന്നി. ഇരുവംശത്തിലും പെടാത്ത മനുഷ്യജാതിമാത്രമാണ് ഞങ്ങള്‍ എന്ന് പറയുന്നവരാണ് വേര്‍തിരിക്കപ്പെട്ട മുറികളില്‍ അധികവും. നഷ്ടങ്ങളെയോര്‍ത്ത് കരയുന്നവര്‍….ഗ്രാമത്തിന്റെ അതിജീവനം സ്വപ്നം കാണുന്നവര്‍……..ഒരിക്കല്‍ക്കൂടി വര്‍ദയെ നോക്കിയപ്പോഴേക്കും അവള്‍ പിന്തിരിഞ്ഞ് നടന്നിരുന്നു.
“ശിഖ നിന്റെ മകന്‍”….
റൊട്ടിയുമായി നിന്ന അവള്‍ അടുത്തുള്ളവരുടെ വിളികേട്ടു. ശ്വാസം കിട്ടാതെ വിമ്മിട്ടപ്പെടുന്ന മകനെ മാറോട് ചേര്‍ത്ത് നിശ്ചലയായി നിന്നു, അവന്റെ കാലുകളിലെ തണുപ്പ് തിരിച്ചറിഞ്ഞപ്പോള്‍ അലറിക്കറഞ്ഞു. നേര്‍ത്തുവന്ന അവന്റെ ശ്വാസതാളം നെഞ്ചിലേറ്റുവാങ്ങി തളര്‍ന്നിരുന്നു. അവന്റെ പനിച്ചൂട് മാഞ്ഞിരിന്നു. അവന്റെ മരവിച്ച ശരീരം നെഞ്ചോടു ചേര്‍ത്തുപിടിച്ച് ഒരു ശില പോലെ അവളിരുന്നു.
കുഞ്ഞിനെ താഴെ കിടത്തു എന്ന് മറ്റുള്ളവര്‍ പലവട്ടം പറഞ്ഞിട്ടും അവളത് കേട്ടതേയില്ല. ആ രാത്രി മകന്റെ ജഡവും മടിയില്‍ വെച്ച് ഉറങ്ങാതെ അവള്‍ ഇരുന്നു. അവന്റെ കുഞ്ഞു കൈപ്പത്തി മുഖത്ത് ചേര്‍ത്തുവച്ച് കരയാതിരിക്കുമ്പോള്‍….. പോകൂ ശിഖാ….എന്ന ഭര്‍ത്താവിന്റെ വിളി അവള്‍ കേട്ടു. ഭര്‍ത്താവിന്റെ രക്തത്തില്‍ ചവിട്ടിയാണ് മകന്റെ ജീവനുവേണ്ടി ഓടിയത്, നെഞ്ചില്‍ എരിയുന്ന തീയുമായി, മരണം തണുപ്പിച്ച മകന്റെ നെറ്റിയില്‍ പലവട്ടം ഉമ്മവെച്ചു..
എങ്ങനെയാണ് അവളില്‍നിന്നും കുട്ടിയെ വാങ്ങി മറവു ചെയ്യുക എന്ന ആലോചനയിലായിരുന്നു മറ്റുള്ളവര്‍. അവര്‍ അധികാരികളെ വിവരമറിയിച്ചു.
മരണം മറന്ന് മകന്റെ കൈകള്‍ താലോലിച്ചിരിക്കുന്ന അവളെ കണ്ടാല്‍ അവന്‍ മരിച്ചതുപോലും അവള്‍ മറന്നുപോയി എന്നു തോന്നുമായിരുന്നു. ആ രാത്രിക്ക് ദൈര്‍ഘ്യമേറെയുണ്ടെന്ന് മറ്റുള്ളവര്‍ക്ക് തോന്നി. നേരം പുലര്‍ന്നിരുന്നെങ്കില്‍…….അവര്‍ പലപ്പോഴും പിറുപിറുത്തു. രാവിലെ എത്തിയ ഉദ്യോഗസ്ഥന്‍ ക്യാമ്പില്‍ ജഡവുമായി കഴിയാന്‍ പറ്റില്ല എന്ന് പറഞ്ഞ് കുഞ്ഞിനെ പിടിച്ച് വാങ്ങി. ഒരു ഭ്രാന്തിയെപ്പോലെ അവരുടെ പിന്നാലെ ഓടുകയും ബഹളം വെയ്ക്കുകയും ചെയ്ത അവളെ മറ്റുള്ളവര്‍ പിടിച്ചുകൊണ്ടു പോയി.
“എന്റെ മകനെ എവിടേക്കാണവര്‍ കൊണ്ടുപോയത്. പറയു എനിക്ക് പോകണം.”
ചുറ്റും നിശബ്ദരായിനിന്നവര്‍ പറഞ്ഞു.
“ഞങ്ങള്‍ക്ക് അറിയില്ല ബന്ധങ്ങള്‍ അറ്റുപോയ മനുഷ്യരാണ് നമ്മള്‍, നിന്റെ മകന്റെ ജഡത്തിനവകാശി അഗ്നിയോ ഭൂമിയോ ആണ്. പക്ഷെ നമ്മുടെ ഗ്രാമത്തിനിന്നും ചീഞ്ഞമാംസത്തിന്റെ രൂക്ഷഗന്ധമാണ് ഉള്ളതെന്ന് എന്താ ശിഖാ നീ മറക്കുന്നത്. ”
അവള്‍ നിശബ്ദയായി തറയിലിരുന്നു.അപ്പോള്‍ കുര്‍ഗികള്‍ താമസിക്കുന്നിടത്തുനിന്നും ഏതോ കുട്ടിയുടെ കരച്ചില്‍ ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങി.
അവള്‍ വിഭ്രാന്തിയോടെ ഓര്‍ത്തു തന്റെ കുഞ്ഞിന്റെ കരച്ചിലല്ലേ? പിന്നെ അവള്‍ മന്ത്രിച്ചു.
“അല്ല, അവന്‍ പോയല്ലോ, മരിച്ചുപോയല്ലോ”
അവള്‍ ചുറ്റും നിന്നവരെ നോക്കി പറഞ്ഞു
“ആ കരയുന്നത് എന്റെ മകനല്ല അല്ലേ……
അവര്‍ ആ ചോദ്യത്തിന് മൌനമായി നിന്നു. വീണ്ടും ഉയര്‍ന്നു കേള്‍ക്കുന്ന കുട്ടിയുടെ കരച്ചില്‍ ശ്രദ്ധിച്ച് ഏതാനും നിമിഷം ഇരുന്നു. പിന്നെ തുണിയില്‍ പൊതിഞ്ഞുവെച്ചിരുന്ന റൊട്ടിക്കഷ്ണങ്ങള്‍ പെറുക്കിയെടുത്ത് പുറത്തേക്ക് നടന്നു.
“ശിഖാ നീയെന്തിനു കുര്‍ഗികള്‍ക്കടുത്തേക്കു പോകുന്നു?
മറ്റുള്ളവരുടെ ചോദ്യം അവള്‍ കേട്ടതേയില്ല. വിശന്നുകരയുന്ന വര്‍ദയുടെ മകന്റെയും മറ്റുകുട്ടികളുടെയും കൈയ്യില്‍ തന്റെ കൈയ്യിലിരുന്ന റൊട്ടിക്കഷ്ണങ്ങള്‍ വച്ചുകൊടുത്തിട്ട് തന്റെ ചേലത്തുമ്പാല്‍ കുട്ടിയുടെ കണ്ണീര്‍ തുടച്ചു. പാതി കടിച്ച റൊട്ടിയുമായി തന്നെനോക്കി പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളെ നോക്കി നിന്നിട്ടവള്‍ ഇരുവംശത്തിന്റെയും വേര്‍തിരിച്ച മുറികളില്‍ കയറാതെ വിജനമായ പാതയിലൂടെ കൂടി മുന്നോട്ട് നടന്ന് വംശവും വര്‍ഗ്ഗവും വേര്‍തിരിക്കാത്ത മനുഷ്യര്‍ സമാധാനമായി ജീവിക്കുന്ന ലോകമുണ്ടോ എന്നു തിരഞ്ഞ്.