കഥയുള്ള തലമുറ

സി.എഫ്. ജോസഫ്

നമ്മുടെ കുടുംബങ്ങളിലെ കുട്ടികളുടെ മനസ്സുകളില്‍ നിന്ന് കഥപറയുന്ന മുത്തശ്ശിമാരുടെ വംശം വേരറ്റു പോയിക്കൊണ്ടിരിക്കുകയാണ്.
 
ഇപ്പോള്‍ ഏതെങ്കിലും വൃദ്ധസദനങ്ങളില്‍ ഏകാന്തതകളിലെ ഇരുണ്ട ചുവരുകളെ നോക്കി മുത്തശ്ശിമാര്‍ പഴങ്കഥകളുടെ ഭാണ്ഡകെട്ടുകള്‍ തുറക്കുന്നുണ്ടായിരിക്കാം. അല്ലെങ്കില്‍ തറവാട്ടിലെ ഏതെങ്കിലും ഒരു കോണില്‍ ഇരുട്ട് വീണ മുറിക്കുള്ളില്‍ ഇരുന്ന് ഒറ്റപ്പെടലിന്റെ വ്യഥകളുമായി അവര്‍ അനുഭവങ്ങളുടെ തിഅക്തകള്‍ അയവിറക്കുകയാവാം.
 
കേരളീയ തലമുറകളുടെ മനസ്സിന്റെ അടിത്തറ അമ്മുമ്മമാര്‍ പറഞ്ഞു കൊടുത്ത നൈര്‍മ്മല്യമുള്ള കഥകളിലെ നന്മകളിലൂടെയാണ് രൂപപ്പെട്ടത്.
സ്നേഹത്തിന്റെയും കരുണയുടേയും ധാര്‍മ്മികതയുടേയും കഥകള്‍; പുരാണങ്ങള്‍ ഇതിഹാസങ്ങള്‍, ഐതീഹ്യങ്ങള്‍….പിന്നെ എത്രയെത്ര ഗുണപാഠ കഥകള്‍.
 
ഇതൊക്കെ കുരുന്നു മന്‍സ്സുകളില്‍ ഉണര്‍ത്തിയ ഭാവനകളും ചിന്തകളും അനുഭൂതികളും അവരുടെ വ്യക്തിത്വ വികസനത്തിന് വേണ്ടുന്ന ഇന്ധനങ്ങളായിരുന്നു.
 
മുത്തശ്ശിമാരുടെ കഥാ സദസ്സുകളില്‍ ശ്രോതക്കളായ കുട്ടികള്‍ക്ക് കഥകള്‍ തിരഞ്ഞെടുക്കുവാനും ആവശ്യപ്പെടുവാനും അവസരമുണ്ടായിരുന്നു. കഥകളിലെ അധാര്‍മ്മികതകളെ ചോദ്യം ചെയ്യുവാനും വിശദീകരണം ആവശ്യപ്പെടുവാനും മുത്തശ്ശിയുടെ ജൈവീക സാന്നിദ്ധ്യമുണ്ടായിരുന്നു.
 
അക്കാലം അസ്തമിക്കുകയാണ്. ഇപ്പോള്‍ ജീവിത വീക്ഷണങ്ങള്‍ക്ക് ധാര്‍മ്മീക അടിത്തറ ഉണ്ടാക്കിയിരുന്ന മുത്തശ്ശിമാരുടെ ഗുണപാഠകഥകള്‍ക്ക് പകരം കുട്ടികളുടെ ലോകം കീഴക്കിയിരിക്കുന്നത് ടോം ആന്‍ഡ് ജെറിയും, സൂപ്പര്‍മാനും, സ്പൈഡര്‍മാനും ഒക്കെയാണ്. ഈ കാഴ്ചകളുടെ ലഹരികള്‍ക്ക് കീഴ്പ്പെട്ടുകൊണ്ടിരിക്കുകയാണ് നമ്മുടെ കുട്ടികള്‍.
 
കൌശലങ്ങളിലൂടെയും ചതികളിലൂടെയും എതിരാളിയെ കീഴ്പ്പെടുത്തുന്ന ഇവ കുഞ്ഞു മനസ്സുകളില്‍ വിനോദകരമായ അനുഭൂതികള്‍ മാത്രം സൃഷ്ടിച്ചുപോകുന്ന നിരുപദ്രവകാരികളായ കഥകളല്ല.
 
നീതി രഹിതമായ തന്ത്രങ്ങളിലൂടെയും ചതികളിലൂടെയും ശത്രുവിന് നേരെ നടത്തുന്ന ആക്രമണങ്ങള്‍ ന്യായികരിക്കപ്പെടുകയും മായീകവും അയഥാര്‍ത്ഥവുമായ ഒരു രക്ഷകസ്ങ്കല്പം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു.
 
ആക്രമണമാണ് ഈ കഥകളുടെയെല്ലാം അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വികാരം. സ്നേഹത്തിന്റെയും കരുണയുടേയും ദു:ഖത്തിന്റെയും വികാരങ്ങള്‍ ഇവയില്‍ തമസ്ക്കരിക്കപ്പെടുന്നു.
 
അകൃത്രിമമായ ഭാവനകള്‍ ഉണര്‍ത്തുന്ന മുത്തശ്ശിയുടെ ജൈവീക സാന്നിദ്ധ്യവും പരിചരണവും ഇവിടെ ഇല്ല. അതുകൊണ്ട് തന്നെ നിരന്തരവും യാന്ത്രികവുമായ ഈ കാഴ്ചകള്‍ക്ക് നേരേ സഹനത്തിന്റെതായ ഒരു സംവേദനതലം കുട്ടികളില്‍ രൂപപ്പെടുന്നു. അതിലെ അധാര്‍മ്മികമായ പ്രവണതകളെ ഉണര്‍ത്താത്തവണ്ണം അതിനെ രസകരമായ സംഭവമാക്കി പരിണമിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.
 
ഇത് പൊതുസമൂഹത്തിലെ ജീവിത വഴികളില്‍ വ്യക്തി എന്ന നിലയില്‍ അവന്‍ സഹജീവികളുമായി ഇടപെടുമ്പോള്‍ തെറ്റായ നൈതീക വിശകലന്ത്തിലൂടെയുള്ള പ്രവൃത്തികള്‍ അവനില്‍ നിന്ന് പുറത്ത് ചാടിച്ചേക്കാം.
 
ഇന്നത്തെ നമ്മുടെ അമ്മമാര്‍ അമ്മുമ്മമാരും മുത്തശ്ശികളുമാകുന്ന കാലത്ത് നമ്മുടെ നാടിന്റെ ഗുണമുള്ള മനുഷ്യഗുണമുള്ള കഥകള്‍ പാടേ വേരറ്റുപോയിരിക്കും. കാരണം കഥകള്‍ കേള്‍ക്കാത്ത അമ്മമാരാണല്ലോ ഈ തലമുറയിലൂടെ കടന്നു പോകുന്നത്.

                                                                                                                                               

സി.എഫ്. ജോസഫ്

Ph: 9388894725

Comments

comments