എന്റെ കുട്ടി

എം.എക്സ്. വിനോദ് (സൈക്കോളജിസ്റ്റ്‌)

ചോ: എന്റെ കുട്ടിക്ക് പഠനത്തില്‍ തീരെ താത്പര്യമില്ല. സ്കൂളില്‍ പോകാതെ കറങ്ങി നടക്കാനാണു താത്പര്യം ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം?
ഉ: കുട്ടിക്ക് ഒന്നിലും താല്പര്യമില്ല എന്നായിരുന്നെങ്കില്‍ അവന് കടുത്ത മാനസിക പ്രശ്നം എന്തെങ്കിലും ഉണെന്ന് കരുതാമായിരുന്നു. ഇവിടെ അതില്ല. അവനു കറങ്ങി നടക്കാന്‍ താത്പര്യമുണ്ട്. ഈ താത്പര്യത്തെ മുതലെടുത്ത് അവനെ ശരിയായ വഴിക്കു കൊണ്ടുവരാം. എല്ലാവരുടെയും ലക്ഷ്യം സന്തോഷമാണ്. ഏതു പ്രവര്‍ത്തിയും തന്റെയോ തനിക്ക് വേണ്ടപ്പെട്ടവരുടെയോ സന്തോഷത്തിനു വേണ്ടിയാണ് എല്ലാവരും ചെയ്യുന്നത്.കുട്ടികളുടെ കാര്യവും അങ്ങനെ തന്നെ. ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉടനടി സന്തോഷം ലഭിക്കും (ഉദാ: കളിക്കുക, പാട്ടുകേള്‍ക്കുക, കൂട്ടുകാരുമായി സംസാരിക്കുക) ചില കാര്യങ്ങള്‍ ചെയ്താല്‍ അതിന്റെ ഫലം കുറെ കഴിഞ്ഞെ ലഭിക്കൂ (ഉദാ: നല്ല ജോലി ലഭിക്കാന്‍ പടിക്കുക, മത്സരത്തില്‍ പങ്കെടുക്കാന്‍, പ്രസംഗം പഠിക്കുക) എന്തായാലും ഉടനടിയോ അല്ലെങ്കില്‍ പിന്നീടോ സന്തോഷം ലഭിക്കുമെന്നുകണ്ടാല്‍ ആ പ്രവൃത്തി സാധാരണ ഏതു മനുഷ്യനും ചെയ്യും. കുട്ടികള്‍ പ്രതേയ്കിച്ച് ഈ മനോഭാവമുള്ളവരാണ്. മാത്രമല്ല അറിവുനേടുക, അംഗികാരം നേടുക, മിടുക്കു തെളിയിക്കുക, സ്നേഹിക്കപ്പെടുക തുടങ്ങിയവയും അവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. കുട്ടിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ എന്തൊക്കെ എന്ന് അവനോട് ചോദിച്ചോ അവനെ നിരീക്ഷിച്ചോ മനസിലാക്കുക. സ്ഥലങ്ങള്‍ കാണുക്, നല്ല വസ്ത്രം ധരിക്കുക, നല്ല വാഹനം വാങ്ങുക, മറ്റുള്ളവരുടെ അംഗികാരം നേടുക മികവു തെളിയിക്കുക, നന്നായി ജീവിക്കാന്‍ സാമ്പത്തിക മാര്‍ഗ്ഗം കണ്ടെത്തുക ഇവയൊക്കെ അവന്റെ ലക്ഷ്യങ്ങളായിരിക്കും ഇതിന് അടിസ്ഥാനപരമായി ജോലി വേണമെന്നും ആ ജോലി അവന് ഇഷ്ടമുള്ളതും നല്ല വരുമാനമുള്ളതുമായിരുന്നാല്‍ കൂടുതല്‍ നല്ലതായിരിക്കുമെന്നും ഉള്ള ബോധ്യത്തിലേക്ക് അവനെ എത്തിക്കുക. ഇതൊക്കെ ഉപദേശത്തിന്റെ രീതിയിലായിരിക്കുകയുമരുത്. ഇടയ്ക്കൊക്കെയുള്ള പരസ്പരമുള്ള ചര്‍ച്ചകളിലൂടെയായിരിക്കണം. ഇങ്ങനെ ലക്ഷ്യത്തിലെത്താന്‍ എന്തൊക്കെ ചെയ്യണമെന്ന് അവനെക്കൊണ്ടുതന്നെ പറയിപ്പിക്കുക. (പറ്റുമെങ്കില്‍ എഴുതിവയ്ക്കുക) ഇതിനുവേണ്ടി ദിവസവും ചെയ്യേണ്ട കാര്യങ്ങളും അവനെക്കൊണ്ടു തന്നെ എഴുതിക്കുക. ഇപ്പോഴുള്ള ഉല്ലാസത്തിനും സന്തോഷത്തിനും ഒപ്പം ഭാവിയിലെ സന്തോഷത്തിനുവേണ്ടിയുള്ള പഠനം മുതലായ കാര്യങ്ങള്‍ക്കുമുള്ള ഒരു ദൈനംദിന സമയക്രമം (ടൈംടേബിള്‍) അവനെക്കൊണ്ടു തന്നെ തയ്യാറാക്കിക്കുക. അത് കൃത്യമായും പാലിക്കുമ്പോഴും ചെറിയ ചെറിയ നേട്ടങ്ങള്‍ (അവയെത്ര ചെറുതാണെങ്കിലും )നേടുമ്പോഴും അവനെ പ്രോത്സാഹിപ്പിക്കുക(വാക്കുകള്‍ കൊണ്ടോ, അല്ലെങ്കില്‍ നമ്മുടെ സാമ്പത്തിക പരിമിതിയിലൊതുങ്ങുന്ന സമ്മാനങ്ങള്‍കൊണ്ടോ, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനനുവദിച്ചുകൊണ്ടോ ഒക്കെയാകാം.) ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ അവന്‍ തനിയെ ശരിയായ വഴിക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലനായി നീങ്ങുന്നതു കാണാം.ഓര്‍ക്കുക, ക്ഷമയോടെ ഇതു ചെയ്താല്‍, ഈ രീതിയില്‍ ശീലിപ്പിച്ചാല്‍ അത്ഭുതകരങ്ങളായ ഫലങ്ങളായിരിക്കും ഉണ്ടാകുക.

Comments

comments