ആലപ്പുഴക്കാരന്റെ ഗൃഹാതുരത്വം

വര്‍ത്തമാനകാല സന്ദേഹങ്ങളിലൂടെ ആലപ്പുഴയുടെ ഇന്നലകളിലേയ്ക്ക് ഒരു യാത്ര
                                              മാർട്ടിൻ ഈരാശ്ശേരിൽ
ഒന്ന്
         നാഗരികതയുടെ പിന്നാമ്പുറത്ത് കഴിഞ്ഞ കാല്‍ത്തിന്റെ സ്മാരകശിലകള്‍ പോലെ തകര്‍ന്നടിഞ്ഞുവീഴാറായ മനകളും കൊട്ടാരസദൃശ്യമായ മാളികപ്പുരകളും അനാഥമായിക്കിടന്ന് നശിക്കുന്നത് യാത്രയ്ക്കിടയില്‍, ചില ദേശങ്ങളില്‍ കാണാറുണ്ട്. അപ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക പ്രൊഡമായ ഭൂതകാലത്തിന്റെ ശവപ്പറമ്പായി സ്വയം മാറുന്ന, അല്ലെങ്കില്‍ മാറ്റപ്പെടുന്ന എന്റെ ആലപ്പുഴയെയാണ്. പരിരക്ഷിക്കപ്പെടുന്ന മനകളും മാളികപ്പുരകളും ഇല്ലാതെ തന്നെ ദേശങ്ങളുടെ ശ്മ്ശാനഭൂമിയില്‍ വര്‍ത്തമാനകാല ചാപല്യം കൊണ്ട് സ്വയം ഇടം തേടുന്ന ആലപ്പുഴ എന്ന പൌരാണിക നഗരം.
        ഇന്‍ഡ്യയിലെ രണ്ട് നഗരങ്ങളെക്കുറിച്ചുമാത്രമേ ബാല്യകാലത്ത് താന്‍ കേട്ടിട്ടുള്ളുവെന്നും അതിലൊന്ന് ആല്‍പ്പുഴയായിരുന്നുവെന്നും ലാറിബേക്കര്‍ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതുകയുണ്ടായി. അത്, നൂറ്റാണ്ടുമുമ്പുള്ള ആലപ്പുഴയുടെ ഭൌതികപ്രതാപത്തിന്റെ സ്മരണ. ഒരു പലവ്യജ്ഞനത്തിനും ഇന്നോളം കൃഷിയിടമാകാത്ത ആലപ്പുഴയുടെ പേരിലാണ് മുന്തിയ ഇനം കുരുമുളകും ഏലവും ഇന്നും ലോക വിവണിയില്‍ അറിയപ്പെടുന്നത്. അത്, നൂറ്റാണ്ടുമുമ്പുള്ള ആലപ്പുഴയുടെ വ്യാപാരപ്രതാവത്തിന്റെ അവശേഷിപ്പ്. അരിആഹാരം മുഖ്യ ഭക്ഷ്യവസ്തുവാക്കിയ കേരളിയന്‍ കാല്‍നൂറ്റാണ്ടുമുമ്പുവരെ പഠിച്ചിരുന്ന, പാഠപുസ്തകത്താളുകളില്‍ രേഖപ്പെടുത്തിയ ‘കേരളത്തിന്റെ നെല്ലറ = കുട്ടനാട്’ എന്ന സമവാക്യം ഇന്ന് ആലപ്പുഴയ്ക്ക് അന്യമായിരിക്കുന്നു. ഇന്ന്, പ്രകൃതി കനിഞ്ഞു നല്‍കിയ ജലാശയ സൌന്ദര്യത്തിന്റെ പച്ചപ്പിലേക്ക് വിദേശികളുടെ വരവും കാത്ത്, റെഡ് സ്ട്രീറ്റിലെ വേശ്യയേപ്പോലെ കാത്തു നില്‍ക്കുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു, ആലപ്പുഴ.
       കഴിഞ്ഞ വര്‍ഷം (2007) കേരളത്തിലെ വിവിധജില്ലകള്‍ സന്ദര്‍ശിച്ച വിദേശികള്‍ 5,15.808 പേര്‍ എന്നിട്ടും, അവരില്‍ 40,463 പേര്‍ മാത്രമാണ് ആലപ്പുഴയിലെത്തിയത് വെറും 7.8 ശതമാനം മാത്രം. തിരുവനന്തപുരത്തിനും (193924) കൊച്ചിക്കും (165125) ഇടുക്കിക്കും (46463) ശേഷം മാത്രമാണ്, ഇന്ന് കേരളത്തിന്റെ ടൂറിസം മാപ്പില്‍ ആലപ്പുഴയുടെ സ്ഥാനം.
      പണ്ട് കേരള്‍ത്തെക്കുറിച്ച് ‘കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ’ എന്നൊരു ചൊല്ലുണ്ടായിരുന്നു അത് ഭാര്‍ഗ്ഗവന്‍ മഴു എറിഞ്ഞു പിടിച്ച കേരളം. ഇന്ന്, ‘കന്യാകുമാരി’യും ‘ഗോകര്‍ണ്ണ’വും കേരളത്തിലില്ല. ഭാഷയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യയെ വിഭജിച്ചപ്പോള്‍. കേരളത്തിന്റെ പൈതൃകഭൂമി പിടിച്ചുവാങ്ങുവാന്‍ ഇവിടെ ഒരു ജനപ്രതിനിധി സഭയുണ്ടായിരുന്നില്ല. പാര്‍ലമെന്റില്‍ കേരളത്തെ പ്രതിനിധികരിച്ചവരാകട്ടെ, ലോകജനാധിപത്യ രാജ്യത്ത് ആദ്യമുണ്ടായ കമ്മ്യുണിസ്റ്റ് മന്ത്രിസഭയെ വിമോചനസമരത്തിലൂടെ കഥാവശേഷമാക്കിയതിന്റെ ആഹ്ലാദത്തിലുമായിരുന്നു. ഇന്നത്തെപ്പോലെ സാസ്കാരികപ്രവര്‍ത്തകരുടേയും പരിസ്ഥിതി വാദികളുടേയും മറ്റും കൂട്ടായ്മകള്‍ അന്ന് രൂപപ്പെട്ടിരുന്നുമില്ല. കേരളം കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ’ ആയാലും ‘പാറശാല മുതല്‍ കാസര്‍ഗോഡ് വരെ’ ആയാലും കേരളം പിറന്നപ്പോള്‍ അവസാനം രൂപപ്പെട്ട ഭൂപ്രദേശം ആലപ്പുഴ ആയിരുന്നു. അത്, സഹ്യപര്‍വ്വതത്തോടു ചേര്‍ന്നുകിടന്ന കടല്‍ പിന്‍വാങ്ങി കേരളം രൂപപ്പെട്ടതിന്റെ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പഴക്കമുള്ള ഭൂചരിതം. കടല്‍ പിന്‍വാങ്ങി ആലപ്പുഴയ്ക്ക് ജന്മം നല്‍കിയതിന്റെ ഓര്‍മ്മക്കുറിപ്പാണ്, ഇന്നത്തെ വേമ്പനാട്ടുകായല്‍.
(തുടരും) 

 

 

Comments

comments