മുഗ്ധസൌന്ദര്യത്തിന്റെ ആള്‍ രൂപമായിരുന്നു അവള്‍. ഏദന്‍ തോട്ടത്തിലേക്ക് അവള്‍ ഒറ്റ ഓട്ടം ഓടി. വള്ളിപ്പടര്‍പ്പുകളില്‍ കളിച്ചുല്ലസിച്ചു വെണ്ണക്കല്പടവുകളിലിരുന്നപ്പോള്‍ അവളുടെ കോമളപാദങ്ങളിലുമ്മവെച്ചു നീര്‍ച്ചോലയൊഴുകി.
കിളിപ്പാട്ടുകേട്ട് അവള്‍ എണിറ്റുനടന്നു. അതാ ഒരു വള്ളിയൂഞ്ഞാല്‍. അവള്‍ ഊഞ്ഞാലില്‍ ആടിത്തിമിര്‍ക്കവെ, അകലെ നിന്നും അവന്‍ മന്ദം മന്ദം നടന്നു വരുന്നുണ്ടായിരുന്നു.
അവനെ കണ്ടമാത്രയില്‍ ഊഞ്ഞാലിന്റെ ആന്ദോളനം ക്രമാനുഗതമായി കുറഞ്ഞു കുറഞ്ഞു വന്നു. അവള്‍ ഉറക്കെ വിളിച്ചു ചോദിച്ചു,
“ആടാം….(Adam)?”
അവന്‍ അത് പ്രതീക്ഷിച്ചതുതന്നെയായിരുന്നു. കൈ ഉയര്‍ത്തി അവന്‍ പറഞ്ഞു, “ഏ…വാ” (Eve)
ആദവും ഹവ്വയും വള്ളിയൂഞ്ഞാലില്‍ കെട്ടിപ്പുണര്‍ന്നപ്പോള്‍ വാലന്റയിന്‍ ദിനമുണ്ടായി. ഹണിമൂണില്‍ അവര്‍ വിലക്കപ്പെട്ട കനി ആവോളം നുകര്‍ന്നു. അതോടെ ശിശുദിനവും മുലയൂട്ടല്‍ദിനവും നിലവില്‍ വന്നു. തുടര്‍ന്ന് സന്താനങ്ങളും സന്താനനിയന്ത്രണവും ഉണ്ടായി. അപ്പോഴാണ് കോണ്ടങ്ങള്‍ ആവിര്‍ഭവിച്ചത്. കോണ്ടത്തിന്റെ കണ്ടുപിടുത്തത്തോടെ എയ്ഡ്സ് എന്ന ഇതിഹാസമുണ്ടായി. കോണ്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കോണ്ടിനന്റികള്‍ മത്സരിച്ചു. അങ്ങിനെ വേള്‍ഡ് ട്രേഡ് സെന്റര്‍ നിലംപരിശായി.
പിന്നെ വൃദ്ധദിനം ആചരിക്കുവാന്‍ ചെറുപ്പക്കാര്‍ പ്രാപ്തരായി അവര്‍ക്കെണിറ്റുനില്‍ക്കുവാന്‍ കുപ്പിക്കണക്കിന്‍ രക്തം വേണ്ടി വന്നു. അങ്ങനെയാണ് രക്തദാനദിനം ജന്മമെടുത്തത്. സന്താനങ്ങള്‍ കാടുകത്തിച്ചുകളിച്ചപ്പോള്‍ പരിസ്ഥിതിദിനം പിറന്നുവീണു.
ദിനങ്ങളുടെ ഉല്‍പ്പത്തിയെപ്പറ്റി ഉല്‍പ്പത്തിപ്പുസ്തകങ്ങളില്‍ കാണുന്ന വിവരങ്ങളാണിവ. എന്നാല്‍ ഇന്ന് ഉത്തരവാദിത്വങ്ങളില്‍നിന്നും തടിയൂരുവാന്‍ എന്തിനേയും ദിനാചരണങ്ങളുടെ ലേബലൊട്ടിച്ച് കുടിയിരുത്തുവാനുള്ള ഗവേഷണം ലോകമെമ്പാടും പുരോഗമിക്കുകയാണ്. ആഴ്ചയിലെ ദിനങ്ങള്‍ ഏഴെങ്കില്‍ ആണ്ടിലെ ദിനങ്ങള്‍ നൂറ്റിയറുപ്പത്തിയഞ്ച് എന്ന് കണക്കു കൂട്ടുന്നവര്‍ക്കു തെറ്റി. ഒരു തിയതിയില്‍ത്തന്നെ അനേകം ദിനങ്ങള്‍ സെറ്റ്ചെയ്തുകൊണ്ടിരിക്കുകയാണ്. അന്തര്‍ദേശിയ, ദേശിയ, പ്രാദേശികതലങ്ങളില്‍ ഇതു മുന്നേറുകയാണ്. ദിനങ്ങളുടെ ഇരട്ടപ്പെരുക്കം മൂലം മനുഷ്യമസ്തിഷ്കം മരവിച്ചുകൊണ്ടിരിക്കുന്നു. എല്ലാം കൂടി ഓര്‍മ്മയിലിരിക്കാത്ത അവസ്ഥ. അതിനാല്‍ ഡെയ് ലി റിമംബ്രന്‍സിനായി, ആണ്ട്, മാസം, തിയതി എന്നതുപോലെ. തല്‍ദിവസത്തെ ദിനങ്ങള്‍ ഏതെല്ലാമെന്ന് ടെലിവിഷന്‍, കമ്പ്യുട്ടര്‍ എന്നിവയുടെ സ്ക്രീനില്‍ ഇന്‍സെറ്റ് ഡിസ്പ്ലേ കാണിക്കാവുന്നതാണ്.
ബന്ധങ്ങള്‍, കടപ്പാടുകള്‍, ചുമതലകള്‍ എന്നിവയോടുള്ള ആഭിമുഖ്യം കുറച്ചുകൊണ്ടു വരുവാനുള്ള ഗവേഷണം പുരോഗമിക്കുന്നതിന്റെ ആദ്യപടിയായി ദിനങ്ങള്‍ അനുനിമിഷം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദിനാചരങ്ങളിലൊതുക്കിയാല്‍ എന്തില്‍ നിന്നും ഈസിയായി സ്വാതന്ത്ര്യം നേടാം.
മാതൃദിനം, പിതൃദിനം എന്നിവ ആചരിക്കുന്നതിലൂടെ മാതാപിതാക്കളെ വര്‍ഷത്തിലൊരിക്കല്‍ ഓര്‍ക്കുവാന്‍ ഇടയുണെന്ന് ചൂണ്ടിക്കണിയ്ക്കപ്പെടുന്നു. അദ്ധ്യാപകദിനം എന്നു കേള്‍ക്കുമ്പോള്‍ ‘അദ്ധ്യാപകര്‍’ എന്നൊരു സ്പീഷീസ് ഭൂമിയിലുണ്ടായിരുന്നു എന്നും തോന്നിയേക്കാം. സഹോദരസ്നേഹദിനം ആചരിക്കുന്ന പക്ഷം സഹോദരങ്ങളെന്നാല്‍ ഒരു കുടുംബത്തിലെ, അഥവാ ഒരമ്മപെറ്റുള്ള മക്കള്‍ എന്ന ഒരു അര്‍ത്ഥം ആര്‍ക്കെങ്കിലും തോന്നിയേക്കാം എന്നും ഗവേഷകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
എന്തിനേയും ‘പീഡിപ്പിക്കുന്ന ‘( പീഡനത്തിന്‍ പണ്ടേ ഉണ്ടായിരുന്ന പദം ചേര്‍ത്ത് വായിക്കുക) നമ്മുക്ക് പ്രാണവായുദിനം, ജലദിനം, ഭൌമദിനം, സൂര്യപ്രകാശദിനം, ആകാശദിനം എന്നിവയും വെറും ആചരണത്തിനു വേണ്ടിമാത്രമുള്ളവയത്രേ!
ഭരണകൂടത്തിന്‍ ജനങ്ങളോടുള്ള ബാധ്യത വലിയൊരളവുവരെ നിറവേറ്റുവാന്‍, ദിനാചരണങ്ങള്‍ക്കു രൂപം നല്‍കുന്നതിനുള്ള ഒരു വകുപ്പ് രൂപീകരിക്കാവുന്നതാണ്. അതിന്‍ ഒരു വകുപ്പുമന്ത്രിയെക്കൂടി നിയമിച്ചാല്‍ മന്ത്രിക്ഷാമവും പരിഹൃതമാകും.