വലതുവശം

ചെമ്മനം ചാക്കോ
അപ്പന്റെയനുജന്റെ പൌത്രനാം ബോബിമോ-
നബുദാബിയില്‍ ജോലിയല്ലോ.
ഇരുപത്തിനാലായ്‌ വയസ്സു,കമ്പ്യൂട്ടറില്‍
ബിരുദവും,കണ്ടാല്‍ സുമുഖന്‍!
എല്ലാറ്റിനും വിരുതേറുമവന്നുടെ
കല്യാണവും കഴിഞ്ഞല്ലോ.
സുന്ദരിപ്പെണ്ണുമായ് പയ്യന്‍ വിരുന്നിനു
വന്നിരിക്കുന്നെന്റെ വീട്ടില്‍.

ഊണുംകഴിഞ്ഞു വൈകിട്ടു കടല്‍പ്പുറം
കാണുവാന്‍ ഞങ്ങള്‍ തിരിച്ചു.
മിന്നുന്ന ബെന്‍സിലായ് ബോബിമോന്‍ തന്‍പുതു-
പ്പെണ്ണുമായ് മുന്നിലിരിപ്പൂ.
ഞങ്ങളും മോളുടെ മോളുമായ് കാറിലെ
സംഗീതവും കേട്ടു പിന്നില്‍!

പോകേണ്ടതാം വഴിചൊല്ലിക്കൊടുക്കുവാന്‍
ജാഗരൂകന്‍ ഞാന്‍ പറഞ്ഞാന്‍:-
“നേരേ നാം കാണുന്ന ബാറുകഴിഞ്ഞുടന്‍
കാറു വലത്തോട്ടുപോണം”
“വലതെന്നു ചൊല്ലിയാല്‍ ലെഫ്റ്റാണോ, റൈറ്റാണൊ?”
മലയാളപുത്രന്റെ ചോദ്യം!
“വലതെന്നു ചൊല്ലിയാല്‍ സൌത്തല്ലേ?”വധുവിന്റെ
മലയാളവിജ്ഞാനകോശം!

തെക്കും വടക്കും തിരിയാത്തോരിവരുടെ
മക്കള്‍ തന്‍ കാര്യമെന്താമോ?

Comments

comments