പ്രണയത്തിന്റെ വിലാപകാവ്യം

ബൈജു വർഗ്ഗീസ്
എറണാകുളം
1
 
മെയ്-
മാസത്തിലെ അവസാനത്തെ
ഞായറാഴ്ച.
പള്ളിമണികൾ മുഴങ്ങി…
കുർബ്ബാനക്ക് പോകേണ്ട ദിവസം
കിടക്കയിൽ നിന്നെഴുന്നേറ്റ്-
കണ്ണാടിയിൽ നോക്കുമ്പോൾ
നെറ്റിയിൽ നിസ്ക്കാര തഴമ്പ്.
വിരലുകൾ കുരിശ് വരയ്ക്കാതെ-
തഴമ്പിൽ തട്ടി തട്ടി നിന്നു
പൊടുന്നനെ-
ജോസഫ് വേഷപ്പകർച്ചയുടെ
തിരിച്ചറിവിൽ തരിച്ചു നിൽക്കവേ-
ബാങ്കു വിളികൾ ഉയരുന്നു..
ഒരു ഞെടുക്കത്തോടെ-
ടെലിവിഷനിൽ
എഴുത്തുകാരിയുടെ ചരമവാർത്ത-
മാധവിക്കുട്ടിയുടെ-
കമലാദാസിന്റെ
കമലസുരയ്യയുടെ
മരണാനന്തര രംഗങ്ങൾ….
 
2
 
ജോസഫ് നടക്കാനിറങ്ങിയ
ശവക്കോട്ട പാലത്തിൻ
നടുക്ക് വെച്ച്
അവൻ ആദ്യമായി
കണ്ടുമുട്ടി….

പർദ്ദയിൽ മുങ്ങിയ ശരീരത്തിനുള്ളിൽ
മുങ്ങാത്ത മുഖത്ത്
രണ്ടു നക്ഷത്രങ്ങൾ പോലെ
അവളുടെ കണ്ണുകൾ തിളങ്ങി…
 
3
 
മുന്തിരിച്ചെടിയുടെ ലതകൾ
പരസ്പരം പുലർന്നു.
വയലറ്റ് പുഷ്പങ്ങൾ
മറന്നുനിന്ന താഴ്വാര
ത്തിൽ വെച്ച് ചുംബന
ത്തിന്റെ മധുരം പകർന്നു…
 
4
തിമിർത്തു പെയ്ത വർഷ-
ത്തിനൊടുവിൽ
ഒരു രാത്രിയിൽ-
പ്രണയത്തിന്റെ തീച്ചൂളയിൽ
വെന്തുരുകി; അവളുമായി
ഒളിച്ചോടി
പൊന്നാനിയിലെത്തി അവളുടെ
കണ്ണീരിൽ കുതിർന്ന യാചനയിൽ
സുന്നത്ത് നടത്തി, തൊപ്പിയിട്ട
പുതിയ മനുഷ്യനായി മാറി.
കുപ്പായം ഊരിമാറ്റിയപോലെ
പൊക്കിൾക്കൊടി മുറിച്ചുമാറ്റി.
അപ്പച്ചനേയും അമ്മച്ചിയേയും മറന്നു.
ജോസഫ് രൂപാന്തരം പ്രാപിച്ച്
യൂസഫ് യായി മാറി.
 
5
 
നീർമാതളം പൂത്തകാലം
പ്രണയം പുഷ്പിക്കുന്നു.
വിമോചനത്തിന്റെ ന്യത്തം
ടെലിവിഷനിൽ
മാധവിക്കുട്ടിയുടെ
അഭിമുഖങ്ങൾ….
ചന്ദനമരങ്ങളിൽ
നിലാവു പെയ്യുന്ന രാത്രി
കമലദാസ്-
ഏകാന്തതയുടെ തടവറയിൽ
അവിടെ പ്രണയമരം തളിർത്തു
കണ്ണും കാതുമില്ലാത്ത പ്രണയം…
പ്രാണനാഥനു വേണ്ടി
മാധവിക്കുട്ടിയെ-
കമലാദാസിനെ-
വീട്ടിലുപേക്ഷിച്ച്
മനം മാറ്റം വരുത്തി
കമലാ സുരയ്യയാകുന്നു…
ഒടുവിൽ പ്രാണനാഥൻ
വഞ്ചിച്ചപ്പോൾ….
ആരോടും ഒന്നും പറയാതെ….!
കറുത്ത പർദ്ദക്കുള്ളിൽ ഒതുങ്ങിയ
മലയാളത്തിന്റെ മധുരമുള്ള
എഴുത്തുകാരി……
 
6
 
ജൂൺ ഒന്ന്-
പള്ളിക്കൂടം തുറക്കുന്ന ദിവസം
ഫാത്തിമ – എന്നെയും കുട്ടികളെയും
ഉപേക്ഷിച്ച്
ചെത്തുകാ‍രൻ കൃഷ്ണന്റെ കൂടെ-
ഒളിച്ചോടിപോയി.
 
7
 
ഉച്ച കഴിഞ്ഞ നേരം
സിവിൽ സ്റ്റേഷൻ വരാന്തയിൽ
ശീതികരിച്ച പേടകത്തിനുള്ളിൽ
കമല സുരയ്യ കിടന്നു…
ആൾക്കൂട്ടം തിക്കി തിരക്കി
ബഹളമുണ്ടാക്കി.
ജീവിച്ചിരുന്നപ്പോൾ
തെറി വിളിച്ചവർ
 
8
 
ഇനി എന്നാണാവോ…?
എന്റെ മരണം
തെരുവിന്റെ മൂലയിൽ
അനാഥമായി കിടക്കുക…
മെഡിക്കൽ കോളേജിൽ
ശവം കണ്ടു പഠിക്കുന്നവർ
തൊപ്പിയിട്ട ലിംഗം കാണുമ്പോൾ…
അടക്കിപിടിച്ച് ചിരിച്ചുകൊണ്ട്
‘അവർ’ പറയുന്നുണ്ടാവും…
‘ഹറാം‘ പിറന്നവൻ….

Comments

comments