കൂട്ടുകാരി

അനീഷ്‌ എബ്രഹാം

കണ്ണില്ലാത്തവന്‍ അന്ധന്‍ .
കണ്ണുണ്ടായിട്ടും കാണാത്തവന്‍ ആര്?

കാതില്ലാത്തവന്‍ ബധിരന്‍ .
കാതുണ്ടയിട്ടും കേള്‍ക്കാത്തവന്‍ ആര്?

അറിയാത്തവന്‍ അജ്ഞന്‍ .
അറിഞ്ഞിട്ടും അറിയാതിരിക്കുന്നവന്‍ ആര് ?

അരികില്‍ ഉള്ളത് സ്വന്തം
അകലെ ഉള്ളത് അന്യം .

അകലെ ഉള്ള സ്വന്തവും ,
അരികിലുള്ള അന്യവും.
എന്തിനു ? ആര്‍ക്കു വേണ്ടി ?

നിന്റെ നിശബ്ദതയില്‍ ഇരുളിന്റെ സുഗന്ധം .
നിന്റെ ചിരിയില്‍ കറുപ്പിന്റെ നിലാവ്.
നിന്റെ സ്വരത്തിന് കുതിര്‍ന്ന കണ്ണിന്റെ തണുപ്പ് .

നനഞ്ഞ തലയിണകളും,
ഉണങിയ കവിളിന്‍ഇണകളും ,
തളര്‍ന്ന മിഴിയിണകളും
നിന്റെ മാത്രം സ്വന്തം അല്ല .

ഈ കാഴ്ചകള്‍ എന്റെ ശാപം .
ഈ ശാപം എന്റെ നോവ്‌ .

തനിച്ചിരിക്കാന്‍ കൊതി ,
തനിച്ചാക്കാന്‍ മടി ,
തനിച്ചാക്കിയാല്‍ ചതി.

നിന്റെ സന്തോഷങ്ങളില്‍
എന്റെ സന്തോഷങ്ങളെ കണ്ടില്ല.
എന്റെ സന്തോഷങ്ങളില്‍ നിന്റെയും .
എങ്ങനയോ നിന്റെ വിഷമങ്ങള്‍
എനിക്ക് മാത്രം വിഷം .

രോമങ്ങളില്‍ ഉപ്പ് കലര്‍ന്ന ചുവപ്പ് .
സര്‍പ്പ ദംശനം.
മരണ കൗതുകം .
സ്വപ്നസാന്ത്വനം .
നിത്യ സുഷുപ്തി .
അതി സുന്ദരം .
സമാപ്തി .

Comments

comments