ഗുരു ചരണം ശരണം

ബോബി ജോസ് കട്ടികാട്

സിദ്ധാര്‍ത്ഥന്‍ ഇങ്ങനെ പറഞ്ഞു:
“എനിക്ക് ഒരുപാട് ഗുരുക്കന്മാരുണ്ടായിരുന്നു. ഒരിക്കല്‍ സുന്ദരിയായ ഒരു നര്‍ത്തകിയായിരുന്നു എന്റെ ഗുരു. പിന്നെ ധനികനായ ഒരു വര്‍ത്തകന്‍ .
മറ്റൊരിക്കല്‍ ഒരു ചൂതുകളിക്കാരന്‍ .
അലഞ്ഞുനടക്കുന്ന ഒരു ബുദ്ധഭിക്ഷു – ഞാനുറങ്ങിയപ്പോള്‍ അയാളെനിക്കു കാവലിരുന്നു.
പിന്നെ എന്നെ പഠിപ്പിച്ചത് ഒഴുകുന്ന ഒരു നദിയായിരുന്നു. അയാളാകട്ടെ ഒരു ചിന്തകനേ ആയിരുന്നില്ല.
എന്നിട്ടും ഒരു മുനിവര്യന് തുല്യനായി അയാളെനിക്ക്.
ഓരോ കവര്‍ച്ചക്കാരനില്‍പ്പോലുമുണ്ട് ഓരോ ബുദ്ധന്‍ .”(ഹെസ്സെ)
എത്രയോ മുഖങ്ങളാണ് ഒരു ദിനം നിങ്ങള്‍ കാണുന്നത്,ഒരായുസ്സില്‍ എത്രപേരെ പരിചയപ്പെട്ടിരിക്കുന്നു. എണ്ണിത്തീര്‍ക്കാനാവുന്നില്ലല്ലോ.?എന്നിട്ടെന്തേ ഇവരൊന്നും നിന്റെ നെഞ്ചിനെ സ്പര്‍ശിക്കാതെ പോയത്?
വളരെ കുറച്ചുപേര്‍ മാത്രമേ നിന്റെ നെഞ്ചിന്റെ തൊട്ടിട്ടുള്ളു. ഒരു വിരലിലെണ്ണാവുന്നവര്‍ മാത്രം.
അവര്‍ക്കിടയിലാവട്ടെ ഒറ്റനോട്ടത്തില്‍ സമാനമായിട്ടൊന്നുമില്ല.
കുമ്പസാരക്കൂട്ടിനു പുറത്തിരുന്നു വിതുമ്പുന്ന ചെറുപ്പക്കാരനോട് ദൈവം നിന്നെ ആശ്വസിപ്പിക്കട്ടെയെന്നു പറഞ്ഞ് നെറ്റിയില്‍ കുരിശു വരച്ചുതന്ന മാഹിപ്പള്ളിയിലെ പാതിരി,
നീന്തണമെങ്കില്‍ പുഴയ്ക്കെതിരെ നീന്തണമെന്നു പഠിപ്പിച്ച നാട്ടിന്‍പുറത്തെ കാരണവര്‍ ,
എല്ലാമറിഞ്ഞിട്ടും ഒന്നിനോടും പരിഭവമില്ലാതെ സാരമില്ലായെന്ന് പറഞ്ഞ് എല്ലാം പൊറുക്കുന്ന പ്രിയമുള്ള പെണ്‍കുട്ടി,
പൊതിച്ചോറില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്ന ദരിദ്രനായനൊരു കൂട്ടുയാത്രക്കാരന്‍ ,
വിഷമിക്കരുതെന്ന് കത്തെഴുതുന്ന ചേട്ടത്തി.,
അതേ ഒത്തിരി കാര്യങ്ങളില്‍ വ്യത്യസ്തരായവര്‍ , പക്ഷേ,അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമാനമായൊരു അദ്യശ്യചരടുണ്ടായിരുന്നു.
നെഞ്ചില്‍ തെളിച്ചു തന്ന ഇത്തിരി വെട്ടത്തിന്റെ ചിരാതുകള്‍ . അങ്ങനെയാണ് അവരൊക്കെ നിനക്ക് ഗുരു തുല്യരായത്. ഗുരുവെന്ന വാക്കിന്റെയര്‍ത്ഥം ഇരുളകറ്റുന്നവനെന്നാണ്. ബാഹ്യചക്ഷസ്സുകളിലെ അന്ധകാരമല്ല;
മനുഷ്യമനസ്സില്‍ കുടിയേറുന്ന ഇരുള്‍ .
എന്തൊക്കെ ഇരുള്‍വഴികളിലൂടെയാണ് ഒരു പാവം മനുഷ്യന് ഈ കൊച്ചു ജന്മത്തില്‍ ഇടയിടറി നടക്കേണ്ടി വരിക. അജ്ഞതയുടെയല്ല അവിശ്വാസങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും അനാഥത്വത്തിന്റെയും അഴലിന്റെയുമൊക്കെ ഇരുള്‍വഴികള്‍ ………
അന്ധത ഇനി കണ്ണിന്റെ പ്രശ്നമല്ലെന്നെനിക്കറിയാം. ഇല്ലെങ്കില്‍ ജീവിതത്തിലുടനീളം പഠിപ്പിച്ചുനടന്ന കണ്‍ഫ്യൂഷസിനെപ്പോലൊരു ഗുരു ഒടുവിലത്തെ ദിനങ്ങളില്‍ ദേവാലയത്തിന്റെ പടവുകളില്‍ സ്തോത്രഗീതം പാടിയിരിക്കുന്ന അന്ധനായ ഗായകനായിരുന്നു താനെങ്കില്‍ തന്റെ ജന്മം ഇത്ര പാഴായിത്തീരുമായിരുന്നില്ലായെന്ന് കേണതിന്റെ പൊരുളെന്ത്?
ക്രിസ്തു അന്ധനെ സൌഖ്യമാക്കിയെന്ന് വായിക്കുമ്പോള്‍ എന്റെ ഹ്യദയം ആരാധനകൊണ്ടു നിറയുന്നു….
വെളിച്ചം നല്‍കിയവരൊക്കെ അവന്റെ ഓര്‍മ്മകളുടെ സമ്യദ്ധിയാണ് ആഘോഷിക്കുന്നത്.
അവരൊക്കെയാണല്ലോ അവന്റെ പിന്മുറക്കാര്‍ .
നീ നിന്റെ വിളക്കാവണം എന്നാണ് സെന്‍ ഗുരുക്കന്മാര്‍ ഓര്‍മ്മിപ്പിക്കുക.
ഒരന്ധനുണ്ടായിരുന്നു.
ഒരു റാന്തല്‍ കച്ചവടക്കാരന്‍ അയാള്‍ക്കൊരു വിളക്കു നല്‍കി. എനിക്കു വിളക്കെന്തിന്?
നിനക്കല്ല, മറിച്ച് ഇരുളില്‍ നിന്നെ ആരും വന്നു മുട്ടാതിരിക്കാന്‍ .
റാന്തലിന്റെ ആത്മവിശ്വാസത്തില്‍ അയാള്‍ നടന്നു തുടങ്ങി.
എന്നിട്ടും ആരോ വന്ന് അയാളെ മുട്ടി.
ക്ഷുഭിതനായി അയാള്‍ ചോദിച്ചു:
“നിങ്ങളെന്റെ വിളക്കു കണ്ടില്ലേ?”
 “ക്ഷമിക്കണം കാറ്റ് നിങ്ങളുടെ വിളക്ക് അണച്ചല്ലോ!”
ഒരു വിളക്കും അന്ധനുതകുകയില്ല.
അവന്‍ തന്റെ ഉള്ളില്‍ത്തന്നെ വിളക്കു കണ്ടെത്തണം.
അസ്സീസിയിലെ ഫ്രാന്‍സീസ് തെരുവിലൂടെ നടന്നു വരികയാണ്.
 വയലില്‍ നിന്നൊരാള്‍ പാതയോരത്തേക്കു കയറി. “ഫ്രാന്‍സീസാണല്ലേ?”
“അതേ”
 “എല്ലാവരും നിന്നെയൊരു വിശുദ്ധനായി കരുതുന്നു.അങ്ങനെതന്നെയായിരിക്കണം.”
 ഫ്രാന്‍സീസ് ലിയോയോട് പറഞ്ഞു:
 “നീ കണ്ടില്ലേ,ദൈവം പാടത്തുനിന്നു കയറി എന്നെ ഓര്‍മ്മിപ്പിക്കുകയും ശാ‍സിക്കുകയും ചെയ്തിട്ട് വീണ്ടും ചേറിലേക്കു മടങ്ങിയത്….?”

Comments

comments