കല്ലുകള്‍ വേലായുധനോട് പറഞ്ഞത്

                    മോനിച്ചന്‍ എബ്രഹാം -ആലപ്പുഴ

വാര്‍ക്കപണിക്കാരനെപ്പോലെ വേലായുധന്‍ ഒരുപാടു ജോലി ചെയ്യുന്നുണ്ടായിരുന്നു;എന്നാല്‍ ജോലിയൊന്നും ചെയ്യുന്നുമുണ്ടായിരുന്നുമില്ല.
ശിപായിമാരുടെ ഉദ്യോഗസമയം പോലെ രാവിലെ എട്ടു മണിമുതല്‍ വൈകിട്ട് അഞ്ചു മണി വരെയും തുടര്‍ന്നും വേലായുധന്‍ തന്റെ സഞ്ചിനിറയെ തെരുവോരത്തെ കല്ലുകള്‍ പെറുക്കി കൂട്ടുമെങ്കിലും അതെല്ലാം അതേപോലെ തന്നെ തിരിച്ചിടും. അതിലൊരു ആത്മസംത്യപ്തി വേലായുധന്‍ അനുഭവിച്ചിരുന്നു. ആ ആത്മസംത്യപ്തിയില്‍ അയാള്‍ അയാളെ പോലും മറന്നു പോയിരുന്നു.
നഗരകവാടത്തില്‍ കയറാതെ വലത്തോട്ടു പോകുന്ന റോഡിലെ എ പടം ഓടിക്കുന്ന തീയേറ്ററിന്റെ അടുത്തായിരുന്നു വേലായുധന്റെ തട്ടകം. തൊട്ടുമുന്നിലുള്ള ഒഴുക്കുനിലച്ച കറുത്ത തോടിനെക്കുറിച്ചോ (ആ തോടു വ്യത്തിയാക്കാന്‍ ഏതോ രാജാവ് ഏതോ ദേശത്തു നിന്നും വരുന്നുണ്ടത്രേ),അതിന്റെ കരയില്‍ കാടു പിടിച്ചുകിടക്കുന്ന പ്രശസ്ത ശില്പി രാജാറാമിന്റെ മത്സ്യകന്യകയേക്കുറിച്ചോ,അക്ഷരദേവാലയമതിലുകള്‍ മൂത്രമൊഴിച്ചു നാറ്റിക്കുന്നവരെക്കുറിച്ചോ സിരകളില്‍ കാമമുണര്‍ത്തുന്ന എ പടം കാണാന്‍ പമ്മിപമ്മിയെത്തുന്നവരെക്കുറിച്ചോ(അതിനും ഇപ്പോള്‍ ആളില്ലെന്നാണ് തീയേറ്റര്‍ ഉടമയുടെ വാദം-കാരണം കമ്പോളത്തില്‍ വ്യാജ സി.ഡി സുലഭമാണല്ലോ…. ) വേലായുധന്‍ തിരക്കാറില്ല. ഈ തെരുവിന് ആഭിചാരത്തിന്റെ ഹുങ്കൊന്നുമില്ല. എത്രയോ രാത്രികളില്‍ കാമദാഹം തീര്‍ക്കാന്‍ ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ പോലും ഇവിടെയെത്തുന്നു. അതൊന്നും വേലായുധന്റെ വിഷയമല്ല. അയാളുടെ ഉള്ളില്‍ ഒന്നു മാത്രമേയുള്ളൂ, പല രൂപത്തിലും ഭാവത്തിലും സ്വഭാവമുള്ള കൊച്ചു കൊച്ചു കല്ലുകള്‍………..
വേലായുധന് കല്ലുകളോട് ഈ അഭിനിവേശം ഉണ്ടാവാന്‍ കാരണമെന്താണ്? കച്ചേരി തെരുവിലെ ഉറക്കം തൂങ്ങി മരത്തണലിലെ സുധീരന്റെ ബേക്കറിയില്‍ വച്ച് സുഹ്യത്ത് എന്നോട് വേലായുധനെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്നിലുണ്ടായ ചോദ്യമിതാണ്.
കുറച്ചകലെമാറി പള്ളിക്കവലയിലും മറ്റുമായി ജീവിച്ചിരുന്ന പാരടി മാത്തുക്കുട്ടിച്ചേട്ടനെക്കുറിച്ചും കുറേക്കൂടി കിഴക്കോട്ടു മാറി കുട്ടനാട്ടില്‍ ജീവിക്കുന്ന ഈനാശുചേട്ടനെക്കുറിച്ചും ഞാന്‍ കേട്ടിട്ടുണ്ട്. മുഷിഞ്ഞ മുണ്ടും ബനിയനും തോളത്തൊരു തോര്‍ത്തുമിട്ട് നടന്നിരുന്ന മാത്തുക്കുട്ടി ചേട്ടന് അത് ഏതാനും ചില്ലിക്കാശിന്റെ വകയായിരുന്നു. നാടന്‍ പാട്ടിന്റെ ഈണത്തിലും താളത്തിലും കൈവിരലുകള്‍ കൊണ്ട് ഞൊടിച്ചും താളമേളക്കൊഴുപ്പുകളോടെയും പാരടി ഗാനങ്ങള്‍ ആലപിച്ചിട്ട് ഇടവിട്ട് നില്‍ക്കുന്ന വിക്യതമായ പല്ലുകള്‍ പുറത്തുകാട്ടി ചിരിച്ചുകൊണ്ട് മാത്തുക്കുട്ടിച്ചേട്ടന്‍ ചോദിക്കും.
എങ്ങനുണ്ട്?
ആസ്വാദനത്തില്‍ മുഴുകി നില്‍ക്കുന്ന ആളുകള്‍ പറയും”ഉഗ്രന്‍“
ഈനാശുചേട്ടനാകട്ടെ,അത് ഒരുകവര്‍ വ്യാജച്ചാരായത്തിനുള്ള വകയാകുന്നു.(കള്ളപ്പണങ്ങള്‍ ഉടനെ വെളുപ്പിക്കുമെന്ന് കേള്‍ക്കുന്നു). നാട്ടിലെ പ്രധാന സദസ്സുകളിലെ പോലും പേരുകേട്ട കലാകാരനായിരുന്നു അദ്ദേഹം. സ്റ്റേജില്‍ കയറി പാടി തുടങ്ങി പിന്നെ ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ച് എവിടെയെത്തിച്ചേരുന്നുവെന്നറിയാതെ നീങ്ങും……… ഒടുവില്‍ ചാരായത്തിന്റെ പിടിയിലമര്‍ന്ന് ബോധം കെട്ടുവീഴും……….
ജീവിതത്തിന്റെ പുറമ്പോക്കിലേയ്ക്ക് തള്ളിമാറ്റപ്പെട്ട ഇവരെ രണ്ടുപേരെയും വച്ചു കൊണ്ട് ഞാന്‍ വേലായുധന്റെ ജീവിതത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാന്‍ ശ്രമിച്ചു.
വേലായുധന്റെ ഹ്യദയം കല്ലു പോലുള്ളതാവുമോ? വേദനിപ്പിച്ചുമാത്രം പ്രതികരിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ജന്മമാണ് കല്ലിന്റെത്. അറിയാതെ ഒന്നു മുട്ടിയാല്‍പ്പോലും തിരിച്ചു സമ്മാനിക്കുക വേദനയായിരിക്കും. തികച്ചും ഖരരൂപത്തിലുള്ള ഈ വസ്തുവിനെ വേലായുധന്‍ ഇഷ്ടപ്പെടുവാന്‍ ഇടയായ സാഹചര്യമെന്താണ്? അല്ലെങ്കില്‍ ഏതൊക്കെ കക്കയം ക്യാമ്പുകളിലൂടെ സഞ്ചരിച്ചാണ് വേലായുധന്‍ ഇത്തരമൊരു സാഹചര്യത്തില്‍ എത്തിപ്പെട്ടത്? (രാഷ്ട്രീയ വന്‍ മരങ്ങളെ പിടിച്ചുലയ്ക്കുന്ന വ്യക്തവും ശക്തവുമായ നികേഷ് കുമാറിന്റെ ചോദ്യം പോലെ എന്നില്‍ ചോദ്യങ്ങള്‍ നിറഞ്ഞു).
കാല്‍പ്പനികതയുടെ തേരിലേറി ഒന്നു സഞ്ചരിച്ചു നോക്കാം. കല്ലിന്മേല്‍ കല്ല് ശേഷിപ്പിക്കാതെ അവശേഷിപ്പിച്ചുകളഞ്ഞ ഒരു ജീവിതകഥയാവാമത്. അല്ലെങ്കില്‍ കല്ലുകള്‍ ഗ്രാമത്തിലെ അന്തേവാസികളും വേലായുധന്‍ ആ ഗ്രാമത്തിലെ വിശ്വസ്തനായ നാടുവാഴിയുമായിരിക്കാം. (വിശ്വസ്തസേവകര്‍ കാലം ചെയ്യുന്ന കാ‍ലം) സംസ്ക്കാരങ്ങള്‍ തമ്മിലുള്ള പോര്‍വിളിയില്‍ യുദ്ധക്കൊതിയന്മാര്‍ തീ തുപ്പുന്ന ബോംബുവര്‍ഷത്തില്‍ നിന്നും നാടുവാഴി തന്റെ അന്തേവാസികളെ സുരക്ഷിതസ്ഥലത്തേക്ക് മാ‍റ്റുന്നതാവാം. പ്രളയമടുത്തപ്പോള്‍ പെട്ടകമൊരുക്കിയ നോഹയെപ്പോലെ വേലായുധന് അതൊരു ദൌത്യനിര്‍വ്വഹണം ആകാം.
കല്ലുകള്‍ വേലായുധനോട് കഥ പറയുന്നുണ്ടെന്നാണ് മറ്റൊരു തോന്നല്‍. കാരണം കൂറ്റന്‍ ഡൈനാമിറ്റുകളാല്‍ തകര്‍ക്കപ്പെട്ട് അമ്മയില്‍ നിന്നും അകന്നുപോയ അനാഥക്കുഞ്ഞുങ്ങള്‍ അല്ലേ ആ കല്ലുകള്‍… അവയുടെ തേങ്ങലുകള്‍ മറ്റാര്‍ക്കും അറിയില്ലെങ്കിലും വേലായുധന് നന്നായി മനസ്സിലാവുമെന്നാണ് സുധീറിന്റെ അഭിപ്രായം.

കാരണം കല്ലിന്മേല്‍ കല്ല് ശേഷിപ്പിക്കാതെയാണല്ലോ വേലായുധനെയും കുടുംബത്തേയും ആ മഹാ അധമന്മാര്‍ അനാഥമാക്കിയത്.
ആ കഥ പറയുമ്പോള്‍ സുധീറിന്റെ കണ്ണുകളില്‍ തീ പാറുന്നുണ്ടായിരുനു.
വേലായുധനെ കുറിച്ച് സുധീറിന് അറിയാമെന്നുള്ള കാര്യം അപ്പോഴാണ് ഞാനറിയുന്നത്.
ചായകുടിച്ച് സുഹ്യത്ത് മടങ്ങി.
ഒന്നര ഏക്കര്‍ വരുന്ന ഒരു പ്ലോട്ടിന്റെ വടക്കു കിഴക്കു മൂലയ്ക്കായിരുന്നു വേലായുധന്റെ അപ്പുപ്പന്‍ കുഞ്ഞിട്ട്യാതിക്ക് ശങ്കരരാമന്‍ തമ്പിയില്‍ നിന്നും ക്രയസര്‍ട്ടിഫിക്കറ്റും പ്രകാരം പതിച്ചുകിട്ടിയ മൂന്നു സെന്റെ സ്ഥലം. വേലായുധന്റെ അച്ചനും അമ്മയും അപ്പുപ്പനും അതിനോട് ചെര്‍ന്നാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
കടയില്‍ ചായ സല്‍ക്കാരത്തിന്റെ തിരക്കൊന്നൊഴിഞ്ഞപ്പോള്‍ സുധീര്‍ വേലായുധനെക്കുറിച്ച് പറഞ്ഞു തുടങ്ങി.
പുറത്ത് വെയില്‍ ഒന്നൊടുങ്ങി. ആകാ‍ശം പ്രതിഷേധദിനാചരണം പോലെ കരിംതുണി വിരിച്ചിട്ടു. മഴ ചന്നം പിന്നം പെയ്യാന്‍ തുടങ്ങി.
“ഇത്തവണ കാലവര്‍ഷം നേര്‍ത്തെയാ……………”
ഇടവമാസം ആരംഭത്തിലെ തീയതി നോക്കികൊണ്ട് ചായകുടിച്ചുകൊണ്ടിരിക്കുന്ന കാരണവരില്‍ ഒരാള്‍ പറഞ്ഞു.
“ഓ അതുകൊണ്ട് വിശേഷല്ല്യേ……മഴ കൊറവാരിക്കും………….”
കഴിഞ്ഞകാല അനുഭവങ്ങള്‍ അക്കമിട്ടു നിരത്തി മറ്റേയാള്‍ പറഞ്ഞു.
മഴ പയ്യെ കനത്തു. പിന്നെ കൊടുമ്പിരി കൊണ്ടു.
സുധീര്‍ വേലായുധന്റെ ജീവിതത്തിലേയ്ക്കു വീണ്ടും തിരിച്ചുപോയി………..
കമ്യൂണിസ്റ്റ്പച്ച പിടിച്ചു നില്‍ക്കുന്ന ഒരു കുറ്റിക്കാടായിരുന്നു ആ പ്രദേശം. വേലായുധന്റെ ബാല്യം അവിടെയായിരുന്നു. അടുത്തടുത്ത് വീടോ റോഡോ വഴിവിളക്കുകളോ ഉണ്ടായിരുന്നില്ല. അടുത്തുള്ള ശ്മശാനത്തിലേയ്ക്കല്ലാതെ അങ്ങോട്ടാ‍രും വരാറില്ലായിരുന്നു.വേലായുധന്റെ പറമ്പ് ശ്മശാനത്തിലേയ്ക്കുള്ള വഴിയായിരുന്നു. അകലെയല്ലാതെയുള്ള വേമ്പനാട്ടുകായലില്‍ നിന്നുള്ള കിഴക്കന്‍ കാറ്റും രാത്രികാലങ്ങളില്‍ റാന്തല്‍ വിളക്കും കത്തിച്ചുവച്ച് മറു കര താണ്ടുന്ന തോണിക്കാരന്റെ പാട്ടും മുലനിറയെ പാല്‍ ചുരത്തി നില്‍ക്കുന്ന തെങ്ങുകളും വിവിധതരം പക്ഷികളും ആ പ്രദേശത്തിന്റെ സമ്പന്നതയായിരുന്നു.
അധികം വൈകാതെയാണ് അവിടെ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്. കമ്യൂണിസ്റ്റ് പച്ചക്കാടുകള്‍ വെട്ടി നിരത്തി. ശ്മശാനത്തിനു ചുറ്റുമതില്‍ വന്നു. പുതിയ റോഡും റോഡില്‍ വെള്ളിവെളിച്ചം വിതറുന്ന വഴിവിളക്കുകളും പാലങ്ങളും ഉയര്‍ന്നു.(പാലങ്ങള്‍ വികസനത്തിന്റെ ഏറ്റവും പുതിയ മാത്യകയാണത്രേ. അവ സമ്പന്നത കടത്തികൊണ്ടു പോവുകയും ദാരിദ്ര്യം ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു). പുതിയ പുതിയ ആള്‍ക്കാരും വലിയ വലിയ വീടുകളും വന്നു. പുതുപുത്തന്‍ കാറുകളും ചെവിയില്‍ എന്തോ വച്ച് തനിയെ സംസാരിച്ച് പോകുന്നവരും വേലായുധന്റെ അയല്‍ക്കാരായി. ദൈവം തന്റെ സ്വന്തം കൈകളാല്‍ ടൂറിസം എന്ന മധുരക്കനി ആ നാടിനു നല്‍കി. മാറ്റങ്ങള്‍ സര്‍വ്വത്ര വന്നപ്പോള്‍ വ്വേലായുധനും അറിയാതെ തോന്നിപ്പോയി;താനും മാ‍റുകയാണോ?
ദൈവം കനിഞ്ഞു നല്‍കിയ കനിയുടെ സ്വാദ് നുകരാന്‍ ദൂരെ നിന്നുപോലും ആളുകള്‍ എത്തി. റിസോര്‍ട്ട് ഉടമകളും ഹൌസ് ബോട്ടുകാരും താവളമടിച്ചു. ഭൂമിവില കുതിച്ചുയര്‍ന്നു. വേലായുധന്റെ കുടികിടപ്പിനോട് ചേര്‍ന്ന സ്ഥലം വിലക്കു വാങ്ങിയ ആള്‍ ഒരു റിസോര്‍ട്ട് ഉടമയായിരുന്നു. വേലായുധനോട് അയാള്‍ സൌഹ്യദം കൂടിയെങ്കിലും അയാളുടെ പൊന്നും വിലവസ്തുവിലെ വെള്ളിത്തുണ്ടുമായിരുന്ന വേലായുധന്റെ മൂന്നു സെന്റെ വിലവാങ്ങി ആ വസ്തു ഒഴിഞ്ഞു പോകണനെന്ന് അയാള്‍ വേലായുധനോട് ആവശ്യപ്പെട്ടതും, തന്റെ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ വയ്ക്കപ്പെട്ട കോടാലിയാണതെന്ന് വേലായുധന്‍ തിരിച്ചറിഞ്ഞതും മറ്റൊരു ദുരന്തത്തിലേയ്ക്കാണ് വഴി മാറുന്നതെന്ന് ആധുനിക മനുഷ്യനെ പരിചയപ്പെട്ടിട്ടില്ലാത്ത വേലായുധന് മനസ്സിലായില്ല. ഒരു രാത്രിയില്‍ പാലം ഇറങ്ങി വന്ന ലോറി അയാളുടെ കൊച്ചുവീട് ഇടിച്ചു തകര്‍ത്തതും അതിലുറങ്ങിയിരുന്ന അയാളുടെ ഭാര്യയും മകളും അപ്പോള്‍ തന്നെ മരിക്കാന്‍ ഇടയായതും, വേലായുധന്‍ വികസന തമ്പുരാക്കന്മാരുടെ തിരുശേഷിപ്പായതും,അടിമത്വത്തിന്റെ പുരാരേഖയായതും കേവലം ഡ്രൈവറുടെ ഒരു കൈത്തെറ്റാണെന്നേ കോടതിയില്‍ ചാര്‍ത്തപ്പെട്ട കുറ്റപത്രത്തില്‍ പറഞ്ഞിരുന്നുള്ളു. അപകടത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപെട്ട വേലായുധന്‍ കാലം ചവറുകൊട്ടയിലേയ്ക്ക് ചുരുട്ടി എറിയപ്പെട്ട വേസ്റ്റ് പേപ്പര്‍ പോലെ ആശുപത്രി വിട്ട് ലക്ഷ്യമില്ലാതെ തെരുവകളോളം അലഞ്ഞ് ഒരിക്കല്‍ തന്റെ വീട് നിന്നിരുന്ന സ്ഥലത്തും എത്തി. പൊട്ടിപ്പോയ സൌഹ്യദത്തിന്റെ പൂമാലകള്‍ കോര്‍ക്കാന്‍ അവിടെ ആരും എത്തിയില്ല. പക്ഷേ പടുകൂറ്റന്‍ മതില്‍ക്കെട്ടിന് വെളിയില്‍ റോഡരുകില്‍ കിടന്ന ഒരു കൊച്ചുകല്ല് അയാളിലെ ഓര്‍മ്മകളെ ഉണര്‍ത്തി. വീടിന്റെ സ്ഥാപനവര്‍ഷമെഴുതി ചവിട്ടുപടിയായി ഉപയോഗിച്ച കല്ലിന്റെ ഒരു ഭാഗമായിരുന്നു അത്. കമ്യൂണിസ്റ്റ് പച്ചപിടിച്ച് നിന്ന ആ കാലത്തേയും താന്‍ പണിത കൊച്ചു വീടിനേയും സ്വൈര്യതയാര്‍ന്ന തന്റെ സ്വപ്നങ്ങെയെല്ലാം തകര്‍ത്തുകൊണ്ട് ഒരു പടുകൂറ്റന്‍ റിസോര്‍ട്ട് അവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. പൊന്നും വില വസ്തുവിലെ വെള്ളിത്തുണ്ടം റിസോര്‍ട്ട് ഉടമ നീക്കം ചെയ്തിരിക്കുന്നു.
വേലായുധന്റെ സിരകളിലൂടെ രക്തം ഇരച്ചുകയറി. പാതിരാവിന്റെ നിശബ്ദതയിലൂടെ ഉയരുന്ന തന്റെ ഭാ‍ര്യയുടെയും മകളുടെയും നിലവിളി അയാളുടെ നെഞ്ചകം തകര്‍ത്തു. അതിനു പിന്നിലെ റിസോര്‍ട്ട് ഉടമയുടെ ദുഷ്ടത അയാളില്‍ അഗ്നിജ്വാലയായി പടര്‍ന്നു. ആദ്യം കിട്ടിയ കല്ല് തോര്‍ത്തില്‍ പൊതിഞ്ഞ് ഭദ്രകാക്കിയതിനുശേഷം പിന്നെയും പിന്നെയും പെറുക്കിക്കൂട്ടിയ കല്ലുകള്‍ അയാള്‍ റിസോര്‍ട്ടിലെ മനോഹരമായ ചില്ലുവാ‍തിലുകള്‍ക്ക് നേരേയെറിഞ്ഞു. ആര്‍ഭാടത്തിന്റെ സ്വര്‍ണ്ണപഗോഡകള്‍ വലിയ ശബ്ദത്തോടെ തേങ്ങി………
സെക്യൂറ്റിക്കാരുടെ ആക്രമണത്തില്‍ ബോധം മറയും വരെ അയാള്‍ എറിഞ്ഞുകൊണ്ടിരുന്നു……….
അയാള്‍ക്കുമേല്‍ ഒരു കുറ്റപത്രം കൂടി ചാര്‍ത്തപ്പെട്ടു. ആക്രമണകാരിയായ ഭ്രാന്തന്‍.
മഴയൊട്ടൊന്ന് ശമിച്ചു. ഓടകളിലൂടെ വെള്ളം കുത്തിയൊലിക്കുകയാണ്. അടുത്ത മഴയ്ക്കായ് ആകാശം വീണ്ടും കരിമ്പടം വലിച്ചു നിവര്‍ത്തി മൂന്നാമത്തെ നിസ്കാരത്തിനുള്ള വാങ്കു വിളിച്ചപ്പോള്‍ സുധീര്‍ തലയില്‍ തൂവാല വിരിച്ചു. വേലായുധന്റെ കഥ കണ്‍ക്ലൂഡ് ചെയ്തു.
ആക്രമണകാരിയായ ഭ്രാന്തന്‍ എന്ന വിശേഷണം സ്വീകരിച്ചുകൊണ്ട്, തന്റെ വീടിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്ന കല്ലിനെ സൂക്ഷിച്ചുകൊണ്ട് അയാള്‍ കൊച്ചു കൊച്ചു കല്ലുകളെ തേടിയിറങ്ങി, പിന്നെ അയാള്‍ അവകളെ മാത്രം അന്വേഷിച്ചു,അതിനെമാത്രം സ്നേഹിച്ചു…………..
സുധീര്‍ തൂവാല തലയില്‍ വിരിച്ച് കുട ചൂടി നടന്നുകഴിഞ്ഞു.
കഥ കേട്ടു കഴിഞ്ഞപ്പോള്‍ എനിക്കു വേലായുധനെ ഒന്നുകൂടി കാണണമെന്നായി. കടയില്‍ നിന്നും ഒരു കാലന്‍ കുട വാങ്ങി ഞാനും ഇറങ്ങി. മഴ ഏതാനും നിമിഷങ്ങള്‍ക്കകം അത് ശക്തി പ്രാപിച്ചു. പടിഞ്ഞാറു നിന്നും കലിപൂണ്ട കടുവയുടേതുപോലെ കടലിരമ്പം കേള്‍ക്കാം. ഊക്കന്‍ മഴത്തുള്ളീകള്‍ക്കിടയിലൂടെ ഞാന്‍ വേലായുധന്റെ തട്ടകത്തിലേയ്ക്ക്…….
കുറച്ചകലെ മാറി……മത്സ്യ കന്യകയുടെ അടുത്തു ഞാന്‍ നിന്നു. ടൂറിസം മാപ്പിലെ പ്രധാന ശക്തിയായ അവളുടെ വിടര്‍ന്ന ചുണ്ടില്‍ നിന്നും മഴച്ചാലുകള്‍ നഗ്നമായ നിറഞ്ഞ മാറിലൂടെ താഴോട്ടൊഴുകി കുറ്റിക്കാട്ടിലൂടെ അഴുക്കു ചാലില്‍ ചെന്നവസാനിക്കുന്നു. എന്റെ കുടയുടെ ചുറ്റും മഴച്ചാലുകള്‍ വെള്ളി അഴികള്‍ തീര്‍ത്തിരിക്കുന്നു.
അതിനിടയിലൂടെ ഞാന്‍ കണ്ടു. മരങ്ങള്‍ തളിര്‍ക്കുന്നതും ഉണങ്ങുന്നതും പോലെ……രാവ് ഇരുണ്ടു വെളുക്കുന്നതുപോലെ…..വേലായുധന്‍ കുട ചൂടി കല്ലുകള്‍ പെറുക്കി സഞ്ചിയിലാക്കുന്നു……അതേ പോലെ തിരികെ ഇടുന്നു.
എന്റെ കണ്ണുകള്‍ക്കു താഴെ പതിച്ച രണ്ടു തുള്ളി കണ്ണുനീര്‍ മഴവെള്ളമാണെന്നു കരുതി ഞാന്‍ തുടച്ചുകളഞ്ഞു.

Comments

comments