ഒരു ദലിത് കവിതയുടെ കദനകഥ

ബി.ജോസുകുട്ടി, ആലപ്പുഴ

പ്രസിദ്ധീകരിക്കാനായി അയച്ച കവിത,
അപകടത്തില്‍പ്പെട്ട്
മരണാസന്നമായി ആശുപത്രിയില്‍
കിടക്കുന്നതറിഞ്ഞ് ഞാനോടിച്ചെന്നു.
തലക്കെട്ട് ഛേദിക്കപ്പെട്ട നിലയിലായിരുന്നു.
വാക്കുകളിലായിരുന്നു കൂടുതല്‍ മുറിവുകള്‍.
വാക്യങ്ങള്‍ വികലമാക്കപ്പെട്ടിരിക്കുന്നു
ആശയം ചതഞ്ഞരഞ്ഞു പോയിരുന്നു.
എന്നിട്ടു പോലും
ആരാലും ശ്രദ്ധിക്കപ്പെടാതെ,
നിണം വാര്‍ന്നൊഴികിയ ശരീരവുമായി
കവിത ഊര്‍ദ്ധ്വശ്വാസം വലിച്ചുകൊണ്ടിരുന്നു
ചാനല്‍-മാധ്യമങ്ങള്‍
ബ്യൂട്ടി കോണ്ടെസ്റ്റിന്റെ പ്രസ്സ് ഗ്യാലറിയില്‍
കുടുങ്ങിപ്പോയിരുന്നത്രേ.
എന്നോടെന്തോ പറയാനായി
അതു ചുണ്ടുകളനക്കാന്‍ ശ്രമിച്ചു.
ലക്ഷ്യത്തിലെത്താനായി
ഓരം ചേര്‍ന്നു പോകുമ്പോള്‍
ആരോ നിയോഗിച്ച ‘ക്വട്ടേഷന്‍’ ടീമാണത്രേ
ഇതു ചെയ്തതെന്ന്,
ചിലരെ കണ്ടാല്‍ തിരിച്ചറിയാമെന്നും.
ഇത്രയും പറഞ്ഞ് കവിത
മോര്‍ച്ചറിയിലെ അനാഥശവമായി.
പൊട്ടിക്കരയാന്‍പോലും കഴിയാതെ
ഞാന്‍ തളര്‍ന്നുവീഴുമ്പോള്‍
പുതിയതൊന്ന് ഉരുവാകുന്നതിന്റെ വേദന
എന്നിലാരംഭിച്ചു.
ഒരു കാലിത്തൊഴുത്തെങ്കിലുമന്വേഷിച്ച്
വേച്ചുവേച്ചുനടക്കുമ്പോള്‍
ഒരിടിമിന്നല്‍ച്ചീള് ആകാശത്തുകൂടെ
എന്നെ അനുയാത്ര ചെയ്യുന്നുണ്ടായിരുന്നു.

Comments

comments