കോമ്രോഡ് അന്‍സാരി ബര്‍ണാര്‍ഡ്
കുരുക്ഷേത്ര റിയല്‍ടോഴ്സ് എന്ന ആഗോള ഭീമന്‍, ഭാരതത്തിലെ തങ്ങളുടെ കോര്‍ മാനേജ്മെന്റ് ടീമിനെ അടിയന്തിരമായി റിജണല്‍ ഓഫിസില്‍ വിളിച്ചിരിക്കുകയാണ്. 20 മണിക്കൂര്‍ മാത്രമാണ് എത്തിച്ചേരുന്നതിന് അനുവധിച്ചിട്ടുള്ള സമയം.
യാത്ര ഫ്ലൈറ്റിലേ ആകാവു. ഹൈദരാബാദ് എയര്‍പ്പോട്ടില്‍ സ്വീകരിക്കാന്‍ ആളുണ്ടാകും. ഹൈദരാബാദിന്റെ ട്വിന്‍ സിറ്റിയ്ായ സെക്കന്‍ന്തരാബാദിലെ റീജണല്‍ ഓഫീസിലേക്കുള്ള യാത്രയ്ക്ക് 12 കാറുകള്‍ എയര്‍പ്പോര്‍ട്ടില്‍ കാത്തുകിടക്കും. ഒരേ ഫ്ലൈറ്റില്‍ വന്നിറങ്ങിയാലും രണ്ടുപേര്‍ രണ്ടു കാറിലെ സഞ്ചരിക്കാവു.
ഹസന്‍ സാഗര്‍ പാലമാണ് ഇരുനഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഹൈദരാബാദിന്റെ തന്നെ പാതിദേഹമാണെങ്കിലും സെക്കന്തരാബാദിന്റേത് വ്യത്യസ്ത സംസ്കൃതിയാണെന്ന് വി.പി. ഒരു കോണ്‍ഫറന്‍സില്‍ പറഞ്ഞിട്ടുണ്ട്.
“നമ്മുക്ക് തീര്‍ത്തും അനുയോജ്യം” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
കുരുക്ഷേത്രയുടെ വൈസ് പ്രസിഡന്റാണ് വി.പി. വൈസ് പ്രസിഡന്റ് എന്നത് ലോപിച്ചാണ് വി.പി. ഉണ്ടായത്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഇന്നെല്ലാവരും മറന്ന മട്ടാണ്.
രാമനാഥന്റെ പുതിയ വീട്
ഞാനെല്ലാം അറിഞ്ഞുവെന്നും രാഘവന്‍ മാസ്റ്ററുടെ കുടുംബത്തോട് തങ്ങള്‍ അനീതിയാണ് പ്രവര്‍ത്തിച്ചതെന്ന് ബോധ്യമായെന്നും എല്ലം പൊറുക്കണമെന്നും അന്ന് വി.പി. അയാളുടെ കൈപിടിച്ച് വികാരധീനനായി പറഞ്ഞു.
എല്ലാം റിജണല്‍ മാനേജരുടെ വിവേചനമില്ലായ്മ. ഇത്തരം ദോഷൈകദൃക്കുകളെ തന്റെ സ്ഥാപനത്തില്‍ ഇനി പൊറുപ്പിക്കില്ലെന്നും റിജണല്‍ മാനേജര്‍മാരെ ഇതിന്റെ പേരില്‍ മാത്രം പിരിച്ച് വിടുകയാണെന്നും വി.പി. അറിയിച്ചത് അയാളുടെ സങ്കടം തെല്ല് കുറച്ചിരുന്നു. അതോടെ വി.പി. എന്ന സ്നേഹമുര്‍ത്തി, കുരുക്ഷേത്ര സാരഥിയെപ്പോലെ അയാള്‍ക്ക് ആരാധ്യനായി.
അന്‍സാരി ബര്‍ണാഡിനു പകരം വൈ.ജി.കെ. അനനന്തരാമന്‍ പ്രോജക്ടിന്റെ പുതിയ ചുമതലക്കാരനായി. ദിവസവും രാമനാഥനെ കണ്ട് സുഖാന്വേഷണം നടത്തുക, ജോലിക്കാര്യങ്ങള്‍ തിരക്കുക, വീടു പണിയുടെ വിവിധ ഘട്ടങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നൊങ്ങനെ, രാമനാഥനെ ഒപ്പം നടത്തുന്നതിനുള്ള എല്ലാ ശ്രമവും അനന്തരാമനില്‍ നിന്നുമുണ്ടായി.
അന്‍സാരിയും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. ചര്‍ച്ചകള്‍ പുരോഗമിച്ചെങ്കിലും വീടുപണിയുന്നതില്‍ മാത്രം അന്നും പുരോഗതിയുണ്ടായിരുന്നില്ല. കുരുക്ഷേത്രയുടെ ആര്‍ക്കിടെക്ട് വരച്ച പ്ലാന്‍ മുന്നിലുണ്ട്. എഞ്ചിനിയര്‍ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ഹോം ലോണ്‍ പാസായി കിടപ്പുണ്ട്. എന്നാല്‍, ഈ ‘ചെറിയ വര്‍ക്ക്’ ഏറ്റെടുക്കാന്‍ നഗരത്തില്‍ എഞ്ചിനിയറെ കിട്ടുന്നില്ല. സമ്മതം മൂളിയവര്‍പോലും സ്ഥലം സന്ദര്‍ശിച്ചശേഷം പിന്മാറുന്നു. കുരുക്ഷേത്രയുടെ എഞ്ചിനിയര്‍ക്ക് പിടിപ്പതു പണികള്‍ വേറെയുണ്ടല്ലോ. 6 നിലയ്ക്കുള്ള പില്ലറുകള്‍ അവര്‍ വാര്‍ത്തുകഴിഞ്ഞു. രാത്രിയും പകലും കുരുക്ഷേത്രക്കാര്‍ തിരക്കിലാണ്.
ലീവെടുത്ത്, ജോലിക്കാരെ വിളിച്ച് സ്വയം വീട് പണികഴിപ്പിക്കാം എന്ന് രാമനാഥന്‍ വിചാരിച്ചെങ്കിലും ഒരൊറ്റ പണിക്കാരനെ കിട്ടാനില്ല. എല്ലാവരും കോണ്ട്രാക്ടര്‍മാരുടെ കീഴില്‍ പണിയെടുക്കുന്നവരാണ്. വിട്ടുപോന്നാല്‍പ്പിന്നെ തിരിച്ചുചെല്ലുന്നത് എളുപ്പമാകില്ല.
അതുകൊണ്ട്…
രാമനാഥനും അമ്മയും പൊടിശ്വസിച്ചങ്ങനെ കഴിഞ്ഞു. വീടിന്‍ തറ കെട്ടുന്നതിനായികോരിയിട്ട മണ്ണ് കാറ്റില്‍ പറന്നു. അമ്മ കുറെയൊക്കെ ചുമച്ച് ഒതുങ്ങിക്കിടന്നു. പിന്നെ ആശുപത്രിയില്‍ കിടന്നു. ഒടുക്കം ഭാരതപ്പുഴയോരത്തും. അങ്ങനെ രാമനാഥന്‍ തനിച്ചായി. വീടു പണിയുക എന്ന ലക്ഷ്യം തന്നെ അയാള്‍ പിന്നെ മറന്നു. താത്കാലിക ഷെഡ്ഡില്‍ പൊടി ശ്വസിച്ചുകിടന്ന രാമനാഥനെ പക്ഷെ, കുരുക്ഷേത്രക്കാര്‍ കൈവിട്ടില്ല. അയല്‍ക്കാരന്റെ സങ്കടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള മിടുക്കും അവര്‍ക്കുണ്ടല്ലോ. അവര്‍ രാമനാഥനെ സഹായിച്ചു. അങ്ങനെ രാമനാഥന്‍ സ്കൈ ടച്ചിന്റെ ആറാം നിലയിലെത്തി. അയാള്‍ അവിവിവാഹിതനാണെന്നുംകുരുക്ഷേത്രയ്ക്കറിയാം.
അതിനാല്‍ രാമനാഥനെ പരിചരിക്കുന്നതിന്‍ തങ്ങളുടെ ഹൌസ് കീപ്പിംഗ് വിഭാഗത്തിലെ ഒരു ജോലിക്കാരിയുടെ സേവനം സൌജന്യമായി അവര്‍ നല്‍കിയിട്ടുണ്ട്. അവള്‍ അയാളുടെ ഫ്ലാറ്റ് വൃത്തിയായും, ഭംഗിയായും സൂക്ഷിച്ചു. അയാള്‍ക്ക് ഭക്ഷണമൊരുക്കിക്കൊടുത്തു. കിടക്ക വിരി മാറ്റിക്കൊടുത്തു. അയാള്‍ വല്ലാതെ അസ്വസ്ഥനാകുന്ന ചില രാത്രികളില്‍ അവളരികെ കിടന്ന് അയാളെ എങ്ങനെയും സാന്ത്വനിപ്പിച്ചു. എല്ലാ മാസാദ്യവും കുരുക്ഷേത്രയുടെ സാമ്പത്തിക വിഭാഗത്തില്‍നിന്നും അയാള്‍ക്കു പറഞ്ഞുറപ്പിച്ച ചെക്ക് വന്നുകൊണ്ടിരുന്നു. രാമനാഥന്റെ ഭൂമിക്കു പകരമായി കുരുക്ഷേത്ര നല്‍കേണ്ടുന്ന ഭീമന്‍ തുകയുടെ പലിശയിനത്തിലത്രേ ചെക്കുകള്‍. ഗുമസ്ഥപ്പണിയില്‍നിന്നും ഒരാണ്ട് ലഭിച്ചിരുന്ന സംഖ്യയാണ് കുരുക്ഷേത്രക്കാര്‍ എല്ലാ മാസവും രാമനാഥന്‍ നല്‍കുന്നത്. അയാള്‍ ഒന്നും അറിയേണ്ടതില്ല. എല്ലാം കുരുക്ഷേത്രക്കാര്‍ ചെയ്തുകൊടുക്കും. ബാങ്കില്‍ പോകുന്നതും മാര്‍ക്കറ്റില്‍ പോകുന്നതും പുതിയ സിനിമയുടെ സി.ഡി. എത്തിച്ചുകൊടുക്കുന്നതും കിടത്തിയുറക്കുന്നതും കുരുക്ഷേത്രയുടെ സേവകരാണ്!
തന്റെ ഫ്ലാറ്റിന്റെ ജനലിനരികെ കസേരയില്‍ ചാരിക്കിടന്ന്, പിങ്ക് ധനകാര്യപത്രങ്ങള്‍ കുരുക്ഷേത്ര റിയടോഴ്സിനെ ഫീച്ചര്‍ ചെയ്തത് രാമനാഥന്‍ വായിക്കാം. സായന്തനങ്ങളില്‍ മൈതാനമദ്ധ്യേയുള്ള ക്ഷേത്രത്തിന്റെ ചുറ്റുമതിലില്‍ ചെരാതുകള്‍ തെളിയുന്ന മനോഹര കാഴ്ച, ജനലിലൂടെ തന്നെ അയാള്‍ക്ക് നോക്കിക്കാണാം. വടക്കുന്നാഥനെ തൊഴണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, ഹൌസ് കീപ്പര്‍ പട്ടും നേര്യതുമുടുത്ത് അയാള്‍ക്ക് തുണ ചെല്ലും.
ദേവനെ തൊഴുത് പ്രദക്ഷിണവഴിയില്‍ അവളോടൊപ്പം അലസമായി നടന്ന്, അയാളെ രസിപ്പിക്കുന്നതിന് അവള്‍ പറയുന്ന വാക്കുകള്‍ക്ക് കാത് കൊടുത്ത്, ഫ്ലാറ്റില്‍ മടങ്ങിയെത്തുമ്പോഴേക്കെയും, ആരോ തന്നെ പിന്തുടരുന്നുണ്ടെന്ന ഒരുള്‍വിളി അയാളെ ഭയപ്പെടുത്തിയിരുന്നു,
ഊന്നുവടിയിലൂന്നി ആറുനിലകള്‍ ഏന്തി കയറിയ ഒരാള്‍ രൂപം താന്‍ ലിഫ്റ്റിറങ്ങിയ ഫ്ലാറ്റിന്റെ വാതിലില്‍ ചുമയ്ക്കും പോലെ മുട്ടിവിളിക്കുന്നുവോ എന്നയാള്‍ അപ്പോഴെല്ലാം കാതോര്‍ത്തു.
വില കൂടിയ ഗ്രാനൈറ്റ് പാളികൊണ്ട് കുരുക്ഷേത്രക്കാര്‍ പുതുക്കിപ്പണിത രാഘവന്മാസ്റ്ററുടെ അസ്ഥിത്തറ, ഫ്ലാറ്റിന്റെ ജനലിലൂടെ രാമനാഥന്‍ കാണാം. മാനത്തുനിന്നും രാത്രികളില്‍ അവിടേക്കു പതിച്ചിരുന്ന പച്ചവെളിച്ചത്തിന്റെ മരവിപ്പ്, കൈവിരലുകളില്‍ അയാള്‍ അറിഞ്ഞിട്ടുണ്ട്. അസ്ഥിത്തറമേല്‍ അയാളുടെ അമ്മ ദീപം പകര്‍ന്നിരുന്ന ചെരാതിന്റെ സ്ഥാനത്ത്, കരയില്‍ വീണ മത്സ്യത്തിന്റെ കണ്ണുപോലെ എന്തോ ഒന്ന് കുരുക്ഷേത്രക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്. അതയാള്‍ ഒരിക്കലേ കണ്ടിട്ടുള്ളു. പിന്നെയെപ്പോഴും അവിടേക്കു കണ്ണെത്തവേ, ഭയന്ന് കണ്‍പോളകള്‍ താനേ അടഞ്ഞു കൊടുക്കുകയായിരുന്നു.
എന്നാല്‍ വി.പി. ഒന്നും കാണാതിരുന്നിട്ടില്ല. ഒന്നും മറന്നിട്ടുമില്ല. അദ്ദേഹത്തിന്റേത് ഒരു തുടര്‍ച്ചയാണ്‍. രാഘവന്‍ മാസ്റ്ററോടൊപ്പം സ്കൂളില്‍ ഒരേ ബഞ്ചിലിരുന്ന് അങ്ങനെയാരെങ്കിലും പഠിച്ചിട്ടുണ്ടാകാം. കുട്ടിക്കാലത്തെ കുറുമ്പുകളില്‍ എന്നും രാഘവന്‍ പരാജയം ഏറ്റുവാങ്ങിയിരിക്കാം. സ്വാതന്ത്ര്യസമരത്തിന്റെ പെരുക്കങ്ങള്‍ക്ക് ഇവിടെ മൂര്‍ച്ച കുറവായിരുന്നിട്ടും ആവോളം ആവേശം രാഘവന്‍ നെഞ്ചേറ്റിയിരിക്കാം. സ്വശരീരവും മനസ്സും പീഡനങ്ങള്‍ക്കു ഒഴിഞ്ഞുകൊടുത്തവനെ ‘വിഡ്ഡീ’ എന്നാരെങ്കിലും അന്ന് അവഹേളിച്ചിരിക്കാം. അങ്ങനെയും ഒരു തുടര്‍ച്ച സംഭവിക്കാമല്ലോ.
ഇപ്പോഴിതാ, രാഘവന്‍ മാസ്റ്റര്‍ക്ക് ഒരു കമനീയ സ്മാരകവും ഉയര്‍ന്നിരിക്കുന്നു. ഇരുപത് നിലകളില്‍ ഒരു കെട്ടിട സമുച്ചയം.! അദ്ദേഹത്തിന്റെ ഏക മകന്‍ ആറാം നിലയില്‍ അവശനിലയിലാണ്‍. താഴെ പച്ചപ്പുല്ലുവിരിച്ച വിരിച്ച ലോണില്‍ രാമനാഥന്റെ പിതാവിനൊരു കീര്‍ത്തിഫലകവും വി.പി. കൊത്തിവെച്ചിട്ടുണ്ട്.
‘സ്വാതന്ത്ര്യസമരസേനാനിയും ദേശസ്നേഹിയുമായിരുന്ന കൈതാരത്ത് രാഘവന് മാസ്റ്ററ് ഇവിടെ വിശ്രമിക്കുന്നു’ എന്നെഴുതിയ ഫലകം അനച്ഛാദനം ചെയ്തത് വി.പി. തന്നെയായിരുന്നു.
രാഘവന്മാസ്റ്ററെയും മരിച്ചുപോയ അദ്ദേഹത്തിന്റെ പത്നിയേയും മകന്‍ രാമനാഥനേയും പളുങ്കുപൊതിഞ്ഞ പദങ്ങളാല്‍ വി.പി. പ്രകീര്‍ത്തിച്ചത്, വേദിയിലിരുന്ന് രാമനാഥനും കേള്‍ക്കുന്നുണ്ടായിരുന്നു.
പത്തടി മാത്രം അകലെ തുണിയുരിഞ്ഞ്, പ്രകാശം പതിപ്പിച്ച് തിളക്കം ചാര്‍ത്തിയിരുന്ന ഫലകത്തിലേക്ക് കണ്ണയക്കുവാന്‍ പക്ഷെ, രാമനാഥന്‍ അന്നേരം കരുത്തുണ്ടായില്ല.
ബ്രിട്ടിഷ് പൊലീസിന്‍ രാഘവന്‍ മാസ്റ്ററെ ചൂണ്ടിക്കാട്ടി കൊടുത്ത വിരല്‍, ഒരു മുദ്ര പോലെ എവിടെയെങ്കിലും തെളിഞ്ഞേക്കാം എന്ന ഭയം കുറച്ച് നാളായി അയാളോടൊപ്പമുണ്ട്. നോക്കി നടന്നും നിരിക്ഷിച്ചും പഠിച്ചും ഒരു ‘പൊല്ലാപ്പ്’ കണ്ടെത്തുന്നതെന്തിനാണ്‍?