ഹോളോകാസ്റ്റ്

ചെറുകഥ                        ഷാഹൂല്‍ ഹമീദ്.കെ.ടി,  മലപ്പുറം
നഗരഹൃദയത്തിലെ പുരാതനമായ കെട്ടിടത്തിലാണ് ഞങ്ങളുടെ ലൈബ്രറി അനേകം ജനങ്ങളുമായി നഗരം തിളച്ചു മറിയുമ്പോഴും ലൈബ്രറിയിലേക്കെത്തുന്നത് കുറച്ചു പേര്‍ മാത്രമാണ്. സിമന്റ് പാളികളടര്‍ന്ന്, തുരുമ്പിച്ച കമ്പികളുടെ ചതുരക്കുടുകള്‍ പുറത്തേക്കു തള്ളിയ കെട്ടിടത്തിന്റെ അസ്ഥിപഞ്ജരത്തില്‍നിന്ന് പല സ്ഥാപനങ്ങളും ഒഴിഞ്ഞുപോയ്ക്കൊണ്ടിരിക്കുമ്പോഴും ലൈബ്രറിക്കെങ്ങും പോവാനിടമില്ലാത്തതിനാല്‍ രണ്ടാംനിലയുടെ കിഴക്കെ അറ്റത്ത് ഊര്‍ദ്ധ്വന്‍ വലികളോടെ ചുരുണ്ടു കിടക്കുന്നു, അതിന്റെ നിശ്വാസങ്ങളഞ്ഞുപോകരുതേയെന്ന പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ ദിനവും അവിടെയെത്തുന്നു.
ചിലപ്പോഴെല്ലാം കാറ്റ് ഞങ്ങളെ ലൈബ്രറിയില്‍നിന്ന് ആട്ടിയോടിക്കാറുണ്ട്. കിഴക്കന്‍ കാറ്റ്.ജനലുകളെല്ലാം തിന്നുതീര്‍ത്തതിനാല്‍ കാറ്റിന്റെ കുത്തൊഴുക്കു തടയാന്‍ മാര്‍ഗങ്ങളില്ലായിരുന്നു. പൊട്ടിപ്പൊളിഞ്ഞനിലത്തുനിന്നെ മണ്‍തരികളും കടലാസുകളും കമ്പികലിലെ തുരിമ്പിന്‍ കണങ്ങളും അവിടെ വ്യോമാഭ്യാസം നടത്തുമ്പോള്‍ അതിനുള്ളില്‍നിന്ന് തപ്പിത്തടഞ്ഞ് ഞങ്ങള്‍ പുറത്തേക്ക് പായും വരാന്തയിലെ കൈവരിയില്‍ പിടിച്ച് വസ്ത്രങ്ങളിലെ പൊടിപടലങ്ങള്‍ തട്ടിക്കളയുമ്പോള്‍, താഴെ, നഗരം വാഹനങ്ങളുടെ നീണ്ട നിരകളുമായി അങ്കം തുടരുകതന്നെയാവും. യോദ്ധാക്കന്മാരായ ട്രാഫിക് പോലീസുകാര്‍ മാറിമാറി വന്നിട്ടും വാഹനങ്ങളൊടുങ്ങാത്ത അസ്ത്രങ്ങളായി പ്രവഹിച്ച്, ട്രാഫിക്ക്കുരുക്കുകളാല്‍ നഗരത്തെ ജീവച്ഛവമാക്കും.
ജനപ്പെരുപ്പത്താലും വാഹനാധിക്യത്താലും നഗരം ഞെങ്ങിഞ്ഞെരുങ്ങുമ്പോള്‍ നഗരവികസനത്തിനായി കെട്ടിടം പൊളിച്ചുനീക്കാനുള്ള തീരുമാനമൂര്‍ജ്ജിതമാവുന്ന ദിനങ്ങളില്‍, ആ വൈകുന്നേരം, ഞങ്ങള്‍ ലൈബ്രേറിയനെ പ്രതീക്ഷിച്ചിരുന്നു. ലൈബ്രറിയിലെ ഏതാനും മിനിട്ടുകള്‍ അയാളുടെ ജിവിതചലനങ്ങളെ ഫോര്‍വേഡ്ബട്ടണിലേക്കുവീണ സിനിമാദൃശ്യം പോലെയാകും. രാവിലെ പൂട്ടൂതുറന്നാല്‍ അയ്യാള്‍ പേപ്പറുകള്‍ പെറുക്കാനായി ലൈബ്രറിയിലൂടെ ഓടും വിരലുകളിലെ സൂചിയും നൂലും കൊണ്ടുള്ള ദ്രുത നീക്കത്തില്‍ പേപ്പറുകള്‍ തുന്നിക്കെട്ടും, സീലുമായി ഓരോന്നിലേക്കും ആഞ്ഞു കുത്തിയതിനുശേഷം പേപ്പറുകള്‍ മേശപ്പുറത്തേക്കിട്ട് പുറത്തേക്കുകടക്കും തൂക്കുമരത്തില്‍നിന്നു രക്ഷപെട്ട ആനന്ദത്തോടെ നഗരത്തിലേക്കുപോകും നഗരത്തിലൂടെ അശാന്തമായി അലയുന്ന അലയുന്ന അയാള്‍ കെട്ടിടത്തിലരികിലെത്തുമ്പോഴെല് ലാം കൈപ്പടം കണ്ണിനുമുകളില്‍വെച്ചു കെട്ടിടത്തെ നോക്കിനില്‍ക്കും, ചുണ്ടിലെ ബീഡിയുടെ കനല്‍നാളങ്ങളുമായി.
ലൈബ്രറിയിഏക്കോടിവന്ന്, പേപ്പറുകളും വാരികകളും അടുക്കിക്കൂട്ടാന്‍ തുടങ്ങിയിരിക്കുന്നു അയാള്‍. വായനക്കാര്‍ പുറത്തേക്ക്പോവുമ്പോള്‍ ഞങ്ങള്‍ ലൈബ്രേറിയനരികിലെത്തി.
“ഈ കെട്ടിടം പൊളിക്കാണത്രെ…! അപ്പോള്‍ നമ്മളെങ്ങോട്ട് പോവും?”
“ഇതിനുള്ളിലിരിക്കാന്‍ പേട്യാണെനിക്ക്.എല്ലാം തകര്‍ന്ന് വീണാ അനാഥാവ്വാന്റെ കുടുംബാണ്. ഒര് ചെറ്റയും സഹായിക്കാന്ണ്ടാവില്ല.”
“നമ്മളെങ്ങോട്ട് പോവും…?”
“കാലങ്ങളായി ഈ കെട്ടിടത്തില്‍നിന്ന് ലൈബ്രറിഒന്നു മാറ്റികിട്ടാന്‍ നമ്മള്‍ ശ്രമിക്കുന്നു.പക്ഷേ.. ഇന്നേവരെ..! നഗരത്തിനിന്നൊര് പാഴ്വസ്തുവായി മാറിയിരിക്കുന്നു ലൈബ്രറി.”
വാരികകളും പേപ്പറുകളും മരറാക്കുകളില്‍ അടുക്കിവെക്കുന്ന അയാള്‍ എന്തോ‍ ഓര്‍ത്തു കസേരയിലിരുന്നു. ഞങ്ങളയാള്‍ക്കുചുറ്റു, നിശ്ചേഷ്ടരായി നില്‍ക്കുകയാണ്. ഇരുളിന്റെ നേരിയ സാന്നിദ്ധ്യത്താല്‍ ആഹ്ലാദിച്ച് നരിച്ചീറുകള്‍ വട്ടം ചുറ്റാന്‍ തുടങ്ങിയിരിക്കുന്നു. വലിയ മരറാക്കുകള്‍ക്കു പിറകിലാണ് അവയുടെ പകലുറക്കങ്ങള്‍, പുസ്തകങ്ങളുടെ ഗന്ധമാസ്വദിച്ച്.
“ഇന്നലെയൊരാള്‍ ഒരു പുസ്തകമന്വേഷിച്ച് വന്നിരുന്നു പെഡ്യേപരാമോ എന്ന്സ് നോവല്‍”
അയാള്‍ തലയുയര്‍ത്തി ഞങ്ങളെയെല്ലാം നോക്കി.
“പുതിയ വായനക്കാരനൊ…?അതൊരത്ഭുതം തന്നെ . നിലവിലുള്ള വായനക്കാര്‍ പൊഴിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ …!
“ചില്ലലമാരയിലായുരുന്നല്ലോ ആ പുസ്തകം വെച്ചിരുന്നത് ഞങ്ങള്‍ കുറെ തിരഞ്ഞിട്ടും കിട്ടിയില്ല. അയാള്‍ പിന്നെയൊരു ദിവസം വരാമെന്നുപറഞ്ഞു പോയി.”
ലൈബ്രേറിയനെഴുന്നേറ്റു കടലാസുചുരുളുകളും തട്ടിമാറ്റി പുറത്തേക്ക് നടന്നു കൈവരിയില്‍ പിടിച്ച് നഗരത്തെ നൊക്കി. ഹതാശന്റെ മുഖരേഖകളുമായി ലൈബ്രറിയിലേക്ക് തീരിഞ്ഞു ചെവിക്കുചുറ്റുന്‍ കൈവളച്ചുവെച്ചു പറഞ്ഞു.
“ഞാന്‍ കേള്‍ക്കുന്നു ഈ നഗരത്തെ നോക്കി ലൈബ്രറിക്കുള്ളില്‍ നിന്ന് റൂള്‍ഫൊ ചിരിക്കുന്നത് പെഡൃപരമാര്ക്കുപകരം ഈ നഗരത്തെ വായിക്കു… വായിക്കു.. എന്നു പറയുന്നത്.”
 ഗുഹകളിലേക്കെന്നപോലെ അയാള്‍ നടന്നുപോകുന്ന കാലൊച്ചകള്‍ ലൈബ്രറിക്കുള്ളിലേക്ക് ഇരമ്പിക്കൊണ്ടിരുന്നു. കൂടുനഷ്ടപ്പെടാന്‍ പോകുന്ന പറവക്കൂട്ടങ്ങളായി, ഭ്രൂണാവസ്ഥയിലും, പറക്കമുറ്റാത്തതും പറക്കാന്വെമ്പുന്നതുമായ ചിന്തകളുമായി എങ്ങുപോവണമെന്നറിയാതെ വിങ്ങിയെരിയുന്ന ഇരുളിലേക്ക് തണുത്തകാറ്റിനൊപ്പം കഷണ്ടിത്തല വീണ്ടും വെട്ടിത്തിളങ്ങി; ലൈബ്രേറിയന്റെ.
“പുസ്തകങ്ങളുടെ ഹൃദയതാളങ്ങള്‍ കേള്‍ക്കാന്‍ രാത്രി നിങ്ങളിവിടെ നില്‍ക്കുന്നുണ്ടോ…?എങ്കില്‍ മെഴുകുതിരി മേശവലിപ്പിലുണ്ട്, താക്കോലിതാ.” ഞങ്ങള്‍ക്കു നടുവിലെ മേശപ്പുറത്തേക്കെറിഞ്ഞുതന്ന് അയാള്‍ പറഞ്ഞു. “രാത്രി പൂട്ടാന്‍ മറക്കരുത്. താക്കോല്‍ ചെരുപ്പുകുത്തിയുടെ കടയില്‍കൊടുത്തേക്കണെ.”
പെട്ടെന്ന് ഞങ്ങളറിയാതെ, ഞങ്ങള്‍ക്കുള്ളില്‍നിന്ന് വാക്കുകള്‍ ഒരുമിച്ച് പുറന്തള്ളപ്പെട്ടു.
“നമ്മളെങ്ങോട്ട് പോവും..?”
“ഞാന്‍ തെരിവിലേക്കു പോവുന്നു നമുക്കും തെരിവിലേക്കു പോകേണ്ടിവരും, പുസ്തകങ്ങളുമായി…”
നഗരത്തിലൂടെ ഗ്യാസ്കണ്ടയിനര്‍ ലോറി പോകുന്നതിന്റെ പ്രകമ്പനം കെട്ടിടത്തിന്റെ ഭിത്തികളെ വിറയലിലാഴ്ത്തുന്നു. ഞങ്ങള്‍ മെഴുകുതിരികള്‍ കത്തിച്ചു. ഉരുകിയൊലിക്കുന്ന മെഴുകുതുള്ളികളിറ്റിച്ച് മെഴുകുതിരികള്‍ മേശപ്പുറത്തുറപ്പിച്ചു.
ഒന്നരവര്‍ഷത്തോളമായി ലൈബ്രറിയിലേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടിട്ട്. അന്ന് ആ സന്ധ്യ്യില്‍ വൈദ്യുതി പുറത്തേക്ക് പല്ലിളിച്ചുനില്‍ക്കാറുള്ള കറുത്തുരുണ്ട സ്വിച്ചുകളോതേന്നും ഞങ്ങള്‍ മുളവടികൊണ്ട് ഒനാക്കിയെങ്കിലും പ്രകാശത്തിന്റെ തരീപോലുമെങ്ങും തൂവിയില്ല, നഗരം പ്രകാശപ്പെരുമഴയിലും. എലികള്‍ വയര്‍ കണ്ടതാവുമൊയെന്നറിയാനായി മീറ്റര്‍ ബോഡും മെയിന്‍സ്വിച്ചും പരിശോധിക്കുമ്പോള്‍ മുറിച്ചിട്ട സര്‍വ്വിസ് വയര്‍ കൊലക്കയറായി ആടുന്നു നഗരത്തിലൂടെ പായുന്ന ഫയര്‍എഞ്ചിന്റെ വിലാപങ്ങള്‍ക്കു മുന്‍പില്‍ തണുത്ത കാറ്റ് വരാന്തയില്‍നിന്ന് ഞങ്ങളെ ലൈബ്രറ്ക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി, ചുഴലിയായി വലംവെക്കാന്‍ തുടങ്ങി. ചുമരുകളില്‍നിന്നും പൊടിഞ്ഞുയരുന്ന ഈയലുകള്‍ ചുഴലയില്‍ പങ്കുചേരുനു. മരവിച്ച ശരീരങ്ങളായി ഈയലുകള്‍ പിടഞ്ഞുവീഴുന്ന കാറ്റിനുള്ളില്‍നിന്ന് ഞങ്ങള്‍ കൊലക്കയറിന്റെ ഉറവിടമന്വേഷിച്ചലഞ്ഞു.ഒടുക്കം നഗരസഭാകാര്യാലത്തിലെത്തി.
“എല്ലാം ശരിയാണ്. ഇത്രയും കാലം വൈദ്യുതിയുണ്ടായിരുന്നു പക്ഷെ ഇപ്പോള്‍ കാലം മാറുകയല്ലേ……”
അയാളുടെ കരവലയത്തിലെ സെല്‍ഫോണ്‍ വീണ്ടും ഞങ്ങളുമായുള്ള സംഭാഷണം മുറിച്ചിട്ട് അയാളെ പുതിയ സംഭാഷണത്തിലേക്കു കൊണ്ടുപോയി ഇത്തവണ ഏറെ നേരം കഴിഞ്ഞു അയാള്‍ ഞങ്ങളിലേക്ക് തിരിച്ചുവരാന്‍. അപ്പോഴേക്കും ഞങ്ങളെന്തിനാണ് വന്നതെന്നും അയാള്‍ മറന്നു കഴിഞ്ഞിരുന്നു.
” ഞങ്ങള്‍ ലൈബ്രറിയില്‍നിന്ന്….”
 “ഹോ…. ഞാന്‍ …..പെട്ടന്ന്…. നോക്കു, യാതൊരു വാടകയും ഈടാക്കാതെയാണ് ആ മുറി ലൈബ്രറിക്ക് തന്നിരിക്കുന്നത്. വൈദ്യുതിയും സൌജന്യമായിരുന്നു. ഇപ്പോഴവിടേക്ക് വായനക്കാര്‍ വരുന്നുണ്ടോ..? ഇല്ല പിന്നെയാര്‍ക്കാണ് വെളിച്ചം….?”
“വായനക്കാരുണ്ട് പുസ്തകങ്ങളെ സ്നേഹിക്കുന്നവരുണ്ട്, വെളിച്ചം…..” ലൈബ്രേറിയന്‍ കൈകള്‍നീട്ടി പറയുമ്പോള്‍ വീണ്ടുമുറഞ്ഞു തുള്ളിയ സെല്‍ഫോണിന്റെ വരുതിയിലകപ്പെട്ട അയാള്‍ കസേരയില്‍നിന്ന് എഴുന്നേല്‍ക്കുകയാണ്, കുറെ ഫയലുകളുമായി.
“ഓ… ശരി. ഇനി ഞാനൊന്ന് പറയട്ടെ. വായ്പകളെല്ലാം ചികഞ്ഞുനോക്കി നെല്ലും പതിരും വേര്‍തിരിക്കാന്‍ എനിക്ക സമയമില്ല. കാണും കാണാച്ചെരിടുകള്‍ കാണും. അതെല്ലാം നമുക്ക് അന്തകാലം ചിന്തിക്കാം. പിന്നെയൊരു കാര്യം കൂടി….” അയാള്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി. സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുന്ന അയാള്‍ക്ക് പിറകെ ഞങ്ങളും നടന്നു. അയാള്‍ കോണ്‍ഫറന്‍സ് ഹാളിലേക്കുള്ള വഴിയിലേക്ക് തിരിയുന്നു. ഞങ്ങളും തിരിയുന്നു. അയാള്‍ വാതില്‍ തള്ളിത്തുറന്ന് ഹാളിലേക്ക് കടന്നപ്പോള്‍ അടഞ്ഞ വാതിലിനു മുന്‍പിലെ സെക്യുരിറ്റി ഗാര്‍ഡിന്റെ കൊമ്പന്‍ മീശയ്ക്കു മുമ്പില്‍ ഞങ്ങള്‍ നിശ്ചലരായി.
     “വായനക്കാരുണ്ട്, പുസ്തകങ്ങളെ സ്നേഹിക്കുന്നവരുണ്ട്. ഒരിറ്റ് വെളിച്ചം…” ഞങ്ങള്‍ നിശബ്ദരായി പറഞ്ഞുകൊണ്ടേയിരുന്നു. പിന്നിട് മെഴുകുതിരിയായി പ്രകാശ സ്രോതസ്സ്. തെരുവിളക്കിന്റെ വെട്ടത്തിരുന്ന് വായിച്ചു വളര്‍ന്ന പൂര്‍വ്വസൂരികളുടെ ഓര്‍മകള്‍ ഞങ്ങള്‍ക്ക് കരുത്തുപകര്‍ന്നു. തീവെട്ടങ്ങളുടെ സാമിപ്യത്താല്‍ പുസ്തകങ്ങളുടെ താളുകള്‍ അഭൌമലാവണ്യത്താല്‍ ഓളംവെട്ടുന്ന തടാകങ്ങളായി ഞങ്ങളെ കൊണ്ടുപോയി അജ്ഞാതതീരങ്ങളിളേക്ക് . ഒരു ദിവസം മെഴുകുതിരിവെട്ടത്തിരുന്നു വായിക്കുന്ന ഞങ്ങളുടെ ദൃശ്യം രണ്ടു പേര്‍ ക്യാമറയില്‍ പകര്‍ത്തി. അവര്‍ പത്രത്തിലെ ഫോട്ടോഗ്രാഫര്‍മാരായിരുന്നുവത് രെ. ഈ വരുന്ന പുസ്തകദിനത്തില്‍ ഫോട്ടോ പത്രത്തില്‍ വരുമെന്നും, ലൈബ്രറിയുടെ ദൈന്യാവസ്ഥ ജനങ്ങളറിയുമെന്നും പറഞ്ഞ് അവര്‍ പോയി. പുസ്തകദിനം കഴിഞ്ഞു, എന്നിട്ടും ഫോട്ടോ എങ്ങും കണ്ടില്ല, വാര്‍ത്ത പോലും വന്നില്ല. ഈ വര്‍ഷവും പുസ്തകദിനം വന്നു. പക്ഷെ, ഫോട്ടോയെടുക്കാന്‍ ആരും വരുകയുണ്ടായില്ല.
പേപ്പറുകളും വാരികകളും അടുക്കിവച്ച് പറന്ന്പോവാതിരിക്കാന്‍ ഒരുണ്ട പുഴക്കല്ല് മുകളില്‍ വച്ചു. മെഴുകുതിരികളണച്ചു ടോര്‍ച്ച് തെളിച്ച്, ലൈബ്രറിയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ എലികളുടെ ശബ്ദം കേട്ടു. മരറാക്കുകളില്‍നിന്നും ചില്ലലമാരകളില്‍നിന്നും എലികള്‍ പുറത്തിറങ്ങുകയാണ്.അവ ഇതുവരെ ഒരു പുസ്തകം പോലും കരണ്ടുതിന്നിട്ടേയില്ല. പുസ്തകങ്ങളുടെ ഇന്ദ്രിയസ്പര്‍ശത്താല്‍ ധ്യാനനിരതമാകുന്ന പകലുകള്‍ മതിവരാത്തതാണോ അവയുടെ മന്ദഗതിയിലുള്ള സഞ്ചാരത്തിനു ഹേതു…? ബുദ്ധഭിക്ഷുക്കളെപ്പോലെ വരിവരിയായി നീങ്ങുന്നു, നഗരത്തിലേക്ക് അന്നം തേടി.
ലൈബ്രറി പൂട്ടി താക്കോലുമായി ഞങ്ങള്‍ ചെരുപ്പുകുത്തിയുടെ അരികിലെത്തി. അയാള്‍ പൊളിഞ്ഞചെരുപ്പുകളും വില്ലൊടിഞ്ഞ കുടകളും പെട്ടിയിലടുക്കിവയ്ക്കുകയാണ്. കെട്ടിടം അടിച്ചുപൊളിക്കുന്ന മുഴക്കം മുകളില്‍നിന്നു കേള്‍ക്കാം. അയാളുടെ പെട്ടിക്കുമുകളില്‍ ഞങ്ങള്‍ താക്കോല്‍ വച്ചു.
“നമ്മളായസ്സൊന്ന് നീണ്ട്കിട്ടി. വ്യാപാരികള്‍ കെട്ടിടം പൊളിക്കുന്നത് തടയാന്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങ്യേത്രേ…! പുതിയ കെട്ടിടം പണിതുകഴിഞ്ഞേ ഈ കെട്ടിടം പൊളിക്കു…”
“അപ്പോള്‍ അവിടയതാ പൊളിക്കുന്നു…!”
“അത് കെട്ടിടത്തിന്റെ പടിഞ്ഞാറെ ഭാഗമാണ് അവിടെയുള്ള സ്പാനങ്ങളെല്ലാം ഒഴിഞ്ഞുപോയില്ലേ,,,”
അയാള്‍ ഉളിയും ചുറ്റികയും സൂചിയും തൊട്ട് നെറികില്‍ വെച്ചു പിറുപിറുത്തു.
“ന്റെ മുരുകാ, പുതിയ കെട്ടിടത്തിന്റെ മൂലയില്‍ ഇനിക്കിത്തിരി സ്ഥലം തന്നോളണേ….”
ഇരുട്ട് കനംവെച്ച കെട്ടിടത്തില്‍ വേശ്യകളും പിമ്പുകളും സ്വവര്‍ഗ്ഗരതിക്കാരും കഞ്ചാവുകച്ചവടക്കാരും തമ്പടിച്ചിരിക്കുന്നു. നഗരത്തിന്റെ കോണുകളില്‍ തങ്ങളുടെ ജീവിതചരിത്രവും വരച്ചുചേര്‍ക്കുകയാണവര്‍; ഇരുണ്ട കാന്‍വാസുകളില്‍, കറുത്ത ചായത്തില്‍ രോമങ്ങള്‍ പൊഴിഞ്ഞ ബ്രഷുകളാല്‍.
രണ്ടു ദിവസമായി ലൈബ്രറി തുറന്നിരുന്നില്ല. ഞങ്ങള്‍ ലൈബ്രേറിയനെ അന്വേഷിച്ച് കുടിലിലെത്തുമ്പോള്‍ അയാള്‍ പനിബാധിച്ച് കിടപ്പിലായിരുന്നു, മരുന്നു വാങ്ങിക്കൊണ്ടുവരാമെന്നു പറഞ്ഞിട്ടും അയാള്‍ വേണ്ടായെന്നു പറഞ്ഞ് ചുക്കുകാപ്പി കുടിച്ചു. അയാഉടെ ഭാര്യ ഞങ്ങള്‍ക്കും കാപ്പി കൊണ്ടുവന്നു. ലൈബ്രറിയുടെ താക്കോല്‍ തന്ന് ഞങ്ങളെ യാത്രയാക്കുമ്പോള്‍ അയാള്‍ അവശതയോടേ പറഞ്ഞു
“നഗരത്തിലെ അവശേഷിക്കുന്ന പച്ചപ്പുകളെ പോയിവരു”
ഞങ്ങള്‍ തെരുവിലൂടെ നടന്നു.
ലൈബ്രറി തുറന്നപ്പോള്‍ മരറാക്ക് വീണുകിടക്കുകയായിരുന്നു. ചിതറിയ പുസ്തകങ്ങള്‍ക്കരികിലെത്തിയപ്പോള്‍ ജലം നഷ്ടപ്പെട്ട മത്സ്യങ്ങള്‍പോലെ അവ പിടയുകയാണെന്നറിഞ്ഞു. ഞങ്ങള്‍ അവക്കുചുറ്റും കുന്തിച്ചിരുന്നു.ചെകിളകളുടെ ഉയര്‍ച്ചയും താഴ്ചയും മറിയുന്ന ഏടുകകളില്‍നിന്ന് കേള്‍ക്കാം. വാലിലെ ജീവന്റെ പിടപ്പ് പുറംചട്ടയുടെ ഇളക്കങ്ങളില്‍ തുടിക്കുന്നു.ഞങ്ങള്‍ മരറാക്ക് ഉയര്‍ത്തിവച്ചു. ജീവന്റെ ചൂട് അണഞ്ഞില്ലാതാവുന്ന പുസ്തകങ്ങളോരോന്നും ആര്‍ദ്രത നഷ്ടപ്പെട്ട മണ്ണില്‍നിന്നു പെറുക്കിയെടുത്തു. മരറാക്കില്‍ അടുക്കിവക്കുമ്പോള്‍ അവശേഷിക്കുന്ന ജിവ്ന്റെ അംശം പങ്കുവച്ച് പുസ്തകങ്ങള്‍ മരണശൈത്യത്തെ അതിജീവിക്കുന്നു. മരറാക്കുകളില്‍ നിന്ന് ഇറങ്ങിവരുന്ന ശീതക്കാറ്റ് ലൈബ്രറിയെ ഗ്രസിക്കുമ്പോള്‍ ജനലരികിലെ മേശപ്പുറത്തുകിടക്കുന്ന രണ്ടു ദിവസത്തെ പത്രങ്ങള്‍ കണ്ട് ഞങ്ങള്‍ സ്പന്ദരായി വെറും ആറു പത്രങ്ങള്‍..! ഇന്നലെ വരേണ്ട വാരികകളൊന്നും വന്നിട്ടേയില്ല…! തണുപ്പിന്റെ വിരല്‍സ്പര്‍ശമേറ്റ് ലൈബ്രറിയില്‍ ചുരുണ്ടുകൂടാന്‍ ഞങ്ങള്‍ക്കായില്ല, നഗരസഭാകാര്യാലയത്തിലെത്തിയെങ്കിലും അയാളെ കാണാനായില്ല.
 പിറ്റേന്ന് വൈകുന്നേരം അയാള്‍ വരുമെന്നറിഞ്ഞ് വീണ്ടുമവിടെയെത്തി. ലൈബ്രേറിയനും ഞങ്ങള്‍ക്കൊപ്പം വന്നു. അയാളുടെ മുറിയില്‍ നിന്ന് തുടരുകയാണ്. കുറെ നേരമായി പുറത്തുനില്‍ക്കുന്ന ഞങ്ങള്‍ അകത്തൊരാളുണ്ടെന്നുകരുതി, ഫാഫ്ഡോറിന്റെ വിടവിലൂടെ നോക്കിയപ്പോള്‍ അയാള്‍ ഹെഡ്ഫോണിലൂടെ സംസാരിക്കുകയാണെന്ന് മനസ്സിലായി. ഞങ്ങളകത്തേക്ക് കടക്കാനൊരുങ്ങിയപ്പോഴേക്കും അയാളെഴുന്നേറ്റുകഴിഞ്ഞിരുന്നു.
“ഇല്ല വൈകില്ല, ഞാനിതാ ഗസ്റ്റ്ഹൌസിലേക്ക് വരികയാണ്. ഓക്കെ.” അയാള്‍ പുറത്തേക്കു വന്നു.
“ഞങ്ങള്‍ ലൈബ്രറിയില്‍ നിന്നാണ്. പല പേപ്പറുകളും ഇപ്പോള്‍ ലൈബ്രറിയില്‍ വരുന്നില്ല. എല്ലാ വാരികകളും……”
“നഗരത്തില്‍ പുതിയൊരു കുടിവെള്ള പദ്ധതിയാരഭിക്കാന്‍ ഒരു വിദേശക്കമ്പനിയുമായുള്ള ചര്‍ച്ച ഇപ്പോള്‍ ഗസ്റ്റ്ഹൌസില്‍ നടക്കാന്‍ പോകുകയാണ്. വകുപ്പുമന്ത്രിയും എത്തുന്നുണ്ട്. നിങ്ങളേഴുമണിക്കുശേഷം എന്റെ സെല്ലിലേക്കുവിളിക്കു….”
നടത്തത്തിനിടയിലും അയാളുടെ സംസാരം ഒടുങ്ങുന്നേയില്ല. കാണുന്നവരെയെല്ലാം അയാള്‍ വണങ്ങുന്നുണ്ട്., പക്ഷെ അവരുടെ വാക്കുകള്‍ക്കു ചെവികൊടുക്കുന്നേയില്ല. കാര്‍ അയാളേയും കൊണ്ട്ന് നഗരക്കടലിലേക്ക് ജലജീവിയെപ്പോലെ ഊളിയിടുന്നതു നോക്കി ഞങ്ങള്‍ നിന്നു.
“നിങ്ങള്‍ വിളുക്കുമല്ലോ…?”
“വിളിക്കാം, ഏഴുമണികു തന്നെ”
“എന്നെ വിവരമറിയിക്കില്ലെ…?”
“രാവിലെ അറിയിക്കാം”
“എന്നാല്‍ ഞാന്‍ നടക്കട്ടെ ശരിരത്തിലെ എല്ലാ സന്ധികളും വേദനിക്കുന്നു.” ലൈബ്രേറിയന്‍ പനിക്കുന്ന ശരീരം കമ്പിളികൊണ്ടുപുതച്ച് നടന്നുപോവുന്നു.
ഞങ്ങള്‍ മെഴുകുതിരിനാളങ്ങള്‍ക്കു നടുവിലാണ്, ലൈബ്രറിയില്‍ അയാളുടെ സെല്‍ഫോണ്‍ ‘തിരക്കിലായിരുന്നു. പിന്നീടത് പരിധിക്കുപുറത്തേക്ക് കടന്നു. എട്ടിമണികഴിഞ്ഞിട്ടും ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. പൊടുന്നനെ, ‘ചോരവീണമണ്ണില്‍നിന്നുയര്‍ന്നുവന്ന പൂമരം.” എന്ന ഗാനത്തിലൂടെ വിപ്ലവം അയാളുടെ സെല്‍ഫോണിന്റെ ശവക്കല്ലറകളിളക്കുവാന്‍ തുടങ്ങി. ലൌഡ്സ്പീക്കറിലൂടെ പിന്നിട് ഞങ്ങളെല്ലാം അയാളുടെ തണുത്തുറഞ്ഞ ശബ്ദം കേട്ടു.
“ഹലോ….ആരാണ്? പറയു.”
“ഞങ്ങള്‍ ലൈബ്രറിയില്‍നിന്നാണ്.ഇന്ന് വന്നിരുന്നു.”
“നിങ്ങലൊരു കാര്യം മനസ്സിലാക്കണം. ഈയൊരു ലൈബ്രറി മാത്രമല്ല നഗരസഭക്കു കീഴിലുള്ളത്.ലൈബ്രറികള്‍ക്കുകൊടുക്കുന്ന പത്രങ്ങളും ആഴ്ചപ്പതിപ്പുകളും ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ഞങ്ങളറിയാനിടയായി അതുകൊണ്ട് അത്യാവശ്യം വേണ്ട പത്രങ്ങള്‍ മാത്ര കൊടുത്താല്‍മതിയെന്ന തീരുമാനം ഞങ്ങളുണ്ടാക്കി, അത് നിങ്ങളംഗീകരിച്ചേ പറ്റു. ഇതേക്കുറിച്ചിനി…” പിന്നീടൊന്നും ഞങ്ങളുടെ ചെവിക്കുള്ളിലേക്ക് കയറിയില്ല. കസേര ചവിട്ടിത്തെറിപ്പിച്ച് എഴുന്നേറ്റ അവന്‍ സെല്‍ഫോന്‍ വീശിയെറിഞ്ഞ് പുറത്തേക്ക് നടന്നു. അതെവിടേയോ വീണ് തകരുന്ന ശബ്ദം കേട്ട് ഞങ്ങളും എഴുന്നേറ്റു. നഗരത്തിലൂടെ പാഞ്ഞുപോകുന്ന ആംബുലന്‍സിന്റെ നീലവെളിച്ചത്തിന്റെ തിളക്കത്തിനൊപ്പമാണ് അവന്‍ തിരിച്ചുവന്നത്. അവന്റെ കൈ മെഴുകുതിരിനാളത്തിനു മുകളിലേക്കു നീണ്ടു. ഞങ്ങളുടെ കൈകളും അവന്റെ കൈക്കു മുകളിലേക്കു ഓരോന്നായി വന്നുകൊണ്ടിരിക്കുമ്പോള്‍ നരിച്ചീറുകള്‍ അലക്ഷ്യമായിപറക്കാന്‍ തുടങ്ങി, എലികള്‍ പരക്കം പായുന്നു, ജ്വരബാധയേറ്റപോലെ പുസ്തകങ്ങള്‍ വിറക്കുന്നു.
ജീന്‍സിന്റെ പിറകില്‍ തിരുകിവെച്ച റിവോള്‍വറെടുത്ത് അവന്‍ കൈക്കുമുകളില്‍ വെച്ചു. തണുത്തകാറ്റ് നിലയ്ക്കാത്ത പ്രവാഹമായി വന്ന് വാതില്‍പാളികളെ കൊട്ടിയടച്ചു മെഴുകുതിരിനാളങ്ങളോരോന്നായ് അണഞ്ഞു. മൌനത്തിലൂടെ വികാരവിചാരങ്ങള്‍ കൈമാറുന്ന ഞങ്ങള്‍ ഇരുള്‍ പരന്നിട്ടുമനങ്ങിയില്ല. കെട്ടിടം ജലത്തിലെന്നപോലെ ഒന്നുലഞ്ഞു., മരറാക്കുകള്‍ ഭയാനകശബ്ദത്തോടേ മറിഞ്ഞുവീണുകൊണ്ടിരുന്നു. പിടഞ്ഞ് മാറിയ ഞങ്ങള്‍, പുസ്തകങ്ങള്‍ അരിച്ചരിച്ച് എങ്ങോട്ടോ നിങ്ങുന്നത് പുറത്തുനിന്നുവരുന്ന മിന്നല്‍ വെളിച്ചത്തില്‍ കണ്ടു. മരറാക്കുകള്‍ചാടിക്കടന്ന് പുറത്തേക്ക് പായുന്ന ഞങ്ങള്‍ക്കു മുന്നിലേക്ക് കോണ്‍ക്രീറ്റ് ബീം തകര്‍ന്നുവീണു. വെളുത്ത ധൂളിപടലങ്ങള്‍ക്കുള്ളിലൂടെ ഒന്നും കാണാനാവാതെ മൂക്കുപൊത്തിയ ഞങ്ങള്‍ ലൈബ്രറിയുടെ ഒരു ഭാഗം താഴുകയാണെന്നറിഞ്ഞ് ഉയര്‍ന്നഭാഗത്തേക്ക് ഓടിക്കയറി. ആ മൂലയില്‍ നില്‍ക്കാനിടമില്ലായിരുന്നു. പുസ്തകങ്ങള്‍ കൂട്ടംകൂടിയതോടൊപ്പം എലികളും നരിച്ചീറുകളും. കല്ലുകളും കമ്പികളും കോണ്‍ക്രീറ്റുകട്ടകളും പൊട്ടിവീഴുമ്പോള്‍ ചുറ്റും നിലവിളികളുടെ വിവിധഭാഷകളുയരുകയാണ്. അനേകം ജൈവസഞ്ചയങ്ങള്‍ക്കൊപ്പം ഞങ്ങളുമിതാ, ദഹനപ്പുരപോലെ കറുത്ത ധൂമമുയര്‍ത്തുന്ന അഗാധതയിലേക്ക്…….
ലൈബ്രേറിയന്‍ റാന്തലുമായി തെരുവിലൂടെ ഓടുകയാണ്. ശരീരം പുതച്ച കമ്പിളി ഇടയ്ക്കിടയ്ക്ക് വീഴുന്നുണ്ട്, അതുമെടുത്ത് അയാള്‍ ഓടുകതന്നെയാണ്. ജെ.സി.ബി കളുടെ പ്രകാശത്തില്‍ കെട്ടിടം കോണ്‍ക്രീറ്റുകളുടെ കൂമ്പാരമായി മാറിയത് അയാള്‍ കണ്ടു. ദ്രുതകര്‍മസേനക്കാര്‍ക്കും ഫയര്ഫോഴ്സുകാര്‍ക്കുമിടയിലൂടെ അയാളോടി.
“അവിടേക്കൊന്നു നോക്കു.. അവിടെയൊന്നു മാന്തിനോക്കു… അവിടെയൊന്നു മാന്തിനോക്കു….അവിടെ …അവിടെ…”ലൈബ്രേറിയന്‍ പറഞ്ഞുകൊണ്ടിരുന്നു.
ആരും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല ജെ.സി.ബി.കളുടെ യന്ത്രക്കൈകള്‍ അയാള്‍ക്ക് മുകളിലൂടെ വളഞ്ഞ് പുളഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. കരഞ്ഞുകൊണ്ട് അവര്‍ക്കിടയിലൂടെ വാക്കുകള്‍ ആവര്‍ത്തിച്ചുനടക്കുമ്പോള്‍ കഷണ്ടിത്തലയില്‍ ലാത്തി ആഞ്ഞുപതിച്ചു. അയാള്‍ നിലത്തുവീണു, റാന്തലുടഞ്ഞു, മണ്ണെണ്ണ ആളിക്കത്തി.
“അവിടെയാരാണ്…? ആര്‍ക്കും വേണ്ടാത്ത ചിതലരിച്ച പുസ്തകങ്ങളോ…?

നിലത്തുനിന്നെഴുന്നേല്‍ക്കുന്ന ലൈബ്രേറിയനെ പോലിസുകാരന്‍ തള്ളി. തട്ടിത്തടഞ്ഞ് വീണ അയാള്‍ കോണ്‍ക്രീറ്റ് കല്ലുകളുടെ പരപ്പില്‍ ഉയര്‍ന്നുനില്‍ക്കുന്ന മരറാക്കിന്റെ മൂല കണ്ടു. അയാള്‍ വേച്ചു വേച്ചു നടന്ന് അതിനരികിലെത്തി. പൊടിപടലങ്ങള്‍ തുടച്ചുമാറ്റിഅതിനുമുകളിലിരുന്നു. പിറകിലെന്തോ ഇളകുന്നതായിതോന്നിയ അയാള്‍തിരിഞ്ഞുനോക്കി ഒരു കൈ ഉയര്‍ന്നുവരുന്നു, റിവോള്‍വര്‍ പിടിച്ച് ചോരയൊഴുകുന്ന കൈ…! ട്രിഗറിലേക്ക് വളഞ്ഞചൂണ്ടുവിരലൊന്ന് അനങ്ങിയപ്പോള്‍ വെടിയുണ്ട മുകളിലേക്ക് ചീറിപ്പോയി. കൈയൊടിഞ്ഞുവീണു, തോക്ക് കമ്പികള്‍ക്കിടയിലേക്കും ,അയാള്‍ തോക്കെടുത്ത് തിരിച്ചും മറിച്ചും നോക്കി, തുറന്നു. ഒരുണ്ട മാത്രം നഷ്ടപ്പെട്ടിരിക്കുന്നു. ചോരകട്ടപിടിച്ച കൈ തലോടുമ്പോള്‍ കൈരേഖകള്‍ പിടയ്ക്കുന്നു…! അയാള്‍ തോക്ക് അരയില്‍ തിരുകി കമ്പിളിയും പുതച്ചു നടന്നു; ആകാശനീലിമയിലേക്ക് വെളിച്ച വേരുകള്‍ പടര്‍ന്നിറങ്ങുന്ന കിഴക്കന്‍ദിക്കിലേക്ക്……

Comments

comments