മലയാള കവിതയില്‍ കാഴ്ചകളുടെ സൌന്ദര്യം ആവാഹിച്ച കവി ഡി. വിനയചന്ദ്രന്‍ (67) അന്തരിച്ചു. തീരപ്രദേശമായ കൊല്ലത്തിന്റെ സൌന്ദര്യമായിരുന്നു വിനയചന്ദ്രന്റെ കവിതയില്‍ നിറഞ്ഞുനിന്നിരുന്നത്. അഷ്ടമുടിക്കായലും മറ്റും അദ്ദേഹത്തിന്റെ കവിതകളില്‍ പുതിയ സൌന്ദര്യശാസ്ത്രം കണ്ടെത്തി. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പടിഞ്ഞാറേ കല്ലടയിലായിരുന്നു ജനനം. ഭൌതിക ശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. അതിഥി അധ്യാപകനായി വിവിധയിടങ്ങളില്‍ ക്ളാസുകള്‍ എടുത്തു. 1993 ല്‍ എംജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അധ്യാപകനായി. ഇവിടെ നിന്നും വിരമിച്ച ശേഷം വീണ്ടും മുഴുവന്‍ സമയ സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. ‘നരകം ഒരു പ്രേമകഥയെഴുതുന്നു’ എന്ന കൃതിക്ക് 1992 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2006 ല്‍ ആശാന്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കായിക്കരയിലെ കട, ദിശാസൂചി, സമസ്തകേരളം പി.ഒ (കവിതാസമാഹാരം), ലോകകവിതകളുടെ പരിഭാഷയായി പുറത്തിറക്കിയ ജലം കൊണ്ട് മുറിവേറ്റവള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. ഒരുപാട് യാത്രകള്‍ ചെയ്യാനും കാണുന്ന കാഴ്ചകള്‍ അര്‍ഥവത്തുള്ള വരികളിലൂടെ കവിതകളില്‍ പുനരാവിഷ്കരിക്കാനും അദ്ദേഹത്തിനായിരുന്നു. ദ്രാവിഡ സംസ്കാരത്തിലൂന്നി ചൊല്‍ക്കാഴ്ചകളിലൂടെ കവിതകള്‍ അവതരിപ്പിക്കുന്ന ഡി. വിനയചന്ദ്രന്റെ ആലാപന ശൈലിയും വ്യത്യസ്തമായിരുന്നു. കടമ്മനിട്ട രാമകൃഷ്ണന് ശേഷം മലയാള കവിതാലോകത്ത് ഈ രീതിയില്‍ നിറഞ്ഞുനിന്ന കവിയായിരുന്നു വിനയചന്ദ്രന്‍.