ഓടിപ്പോയവരുടെ സുവിശേഷങ്ങൾ

സുധീരൻ. എം. എസ്‌
ശ്രീദളം
തിരുവനന്തപുരം

ഞാനൊരു പെൺകുട്ടിയാണ്
ഇരുട്ടു കയറിയ ഒരു മുറിയിലിരിക്കുന്നു
കൂട്ടിനൊരു ഇരട്ടപെറ്റ കറുത്തപൂച്ചയുണ്ട്
തറയിലെ മണ്ണിൽ പൊടിപിടിച്ച കത്തുകളും
നിറം മങ്ങിയ പാത്രങ്ങളുമുണ്ട്.
സാക്ഷയില്ലാത്തതാണ് എന്റെ മുറി
കരുവാന്റെ തല തെറിച്ചത് സാക്ഷ ചേർത്ത
സമയത്തായിരുന്നു 

എന്റെ ചങ്ങാതിയും ഒരു പെൺകുട്ടിയായിരുന്നു
അവളൊന്നു പെറ്റതായിരുന്നു
കുറ്റിപ്പുറത്തെ ട്രാക്കിലാണവൾ തലവച്ചത്
അതിന്റെ മീതെക്കൂടിയാണ് ഞാൻ
മൂകാംബികയെ കാണാൻ പോയത്
റയിലിലെ ചല്ലിക്കൂറ്റം എന്നെ തിരയുന്നു.

എന്റെ ആൺ സുഹ്യത്ത് പാവമായിരുന്നു
അവനെന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ്
മെയിലയച്ചത് ഇന്നലെയായിരുന്നു
വെബ് ക്യാമറ തുറന്നു വെയ്ക്കാനും അവൻ പറഞ്ഞു
എന്നിട്ടൊരു  നാടകം അവനെനിക്ക് കാണിച്ചു തന്നു
കഴുത്തിലൊരു കുരുക്കിട്ടു പിടഞ്ഞുലഞ്ഞു
കുരുക്കിൽ കുരുങ്ങി അവൻ മറഞ്ഞു
മെയിലിന്റെയൊടുവിൽ അക്ഷരത്തെറ്റുണ്ടായിരുന്നു

മരണരൂപങ്ങളെന്റെ ഇരുട്ടു മുറിയിൽ
നിറയെയുണ്ട്.
വിപ്ലവസന്ധ്യയിൽ പൂക്കുന്ന മരങ്ങളുടെ
ഇടയിലാണ് അയാൾ നിന്നിരുന്നത്
അയാളുടെ ഒരു കൈയ്യിൽ
വെടിയുണ്ടയേറ്റ ബുദ്ധന്റെ ശിരസ്സും
മറുകൈയിൽ വിൽക്കാനുള്ള വ്യക്കയുമുണ്ടായിരുന്നു
ശിരസ്സുടാഞ്ഞ സന്ധ്യയിൽ
അയാൾ വന്ധ്യംകരിക്കപ്പെട്ടു.
അയാളും എന്റെ സുഹ്യത്തായിരുന്നു.

സുഹ്യത്തുക്കളുടെ ഓടിപ്പോകൽ
അവസാനിച്ചത് ഒരു കിതപ്പിലായിരുന്നു
കാറിന്റെ എഞ്ചിൻ അപ്പോഴും നിലച്ചിട്ടില്ലായിരുന്നു
അവരുടെ കൈകളിൽ വിഷം ചേർത്ത ഐസ്ക്രീം
ഇഷ്ടം പോലെ ഉണ്ടായിരുന്നു.
ഓടിക്കൊണ്ടിരിക്കെ മരിക്കാൻ അവർ ഇഷ്ടപ്പെട്ടു
മരണം ഒരു കുറിപ്പായി അവർ എനിക്ക്
പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

കാളിപെറ്റ കണ്ണന്റെ കരളെടുത്താണ്
കരിനാള് നീക്കിയത്
കാളി എല്ലാ ദിവസവും രാത്രി നഗ്നയാകുന്ന ഭ്രാന്തിയാണ്
ദിവസവും കരള് മുളയ്ക്കുന്ന കണ്ണന്റെ
കാലിലും ഇരുമ്പാണ്.
ഇവരെന്റെ കൂട്ടുകാരായത്
ഇടി മുന്നേ വന്ന മഴയത്താണ്
മതങ്ങൾ അവരുടെ കഴുത്തറുക്കാൻ തുടങ്ങിയപ്പോൾ
ഞാൻ കണ്ണനെ ചുംബിച്ചു; കാളിയെ തുണികൊണ്ട് മറച്ചു
എങ്കിലും കാളി ബലാത്സംഗം ചെയ്യപ്പെട്ടുവെങ്കിലും
അമ്മയല്ലാതാകില്ലല്ലോ എന്ന സുവിശേഷം
എന്റെ കറുത്ത മുറിയിൽ ഞാനെഴുതി വച്ചു.

എബ്രഹാമിന്റെ ഹ്യദയത്തിൽ പനിനീർപ്പൂക്കളുണ്ടായിരുന്നു
പിതാവിന്റെ ഹ്യദയത്തിൽ മിഴിനീരുപ്പുണ്ടായിരുന്നു
ശിശുവിന്റെ ഹ്യദയത്തിൽ ശാപങ്ങളുണ്ടായിരുന്നു

ആ ശിശുവിനോടു ഞാൻ പറഞ്ഞു:

എന്റെ നാട്ടിൽ നിനക്ക് വെള്ളമില്ല
എന്റെ നാട്ടിൽ നിനക്ക് വായുവില്ല
എന്റെ നാട്ടിൽ നിനക്ക് വെളിച്ചമില്ല
എന്റെ നാട്ടിൽ നിനക്ക് വെളിച്ചമില്ല
എന്റെ നാട്ടിൽ നിനക്ക് അമ്മയില്ല

പകരം മതമുണ്ട്, ജാതിയുണ്ട്
നിനക്ക് പ്രതീക്ഷിക്കാം
ഒരു ബലാത്സംഗം
ഒരു കസ്റ്റഡി മരണം
ഒരു പീഡനപർവ്വം
ഒരു ടിൻ മണ്ണെണ്ണയുടെ മണം
എന്തെന്നാൽ നീ പെൺകുട്ടിയാകുന്നു

തിരിച്ചടിക്കുന്നു നിങ്ങളെന്നെ
തിരിഞ്ഞു നിൽക്കുന്നു ഞാനെന്ന ഭ്രാന്തി
ഇരുട്ടുമുറിയെന്റെ സത്രം
ഇരുട്ടിലെ ദൈവങ്ങളെന്റെ മിത്രം
സാക്ഷപ്പിടിയിൽ തുരുമ്പിരിക്കുന്നു
തൂണിൻ തടിയിൽ ചിതലിരിക്കുന്നു

ഞാനാരാ നിങ്ങളുടെ നേരിനെ നേരെയാക്കാൻ?
ഞാനാരാ നിങ്ങളുടെ നാടിനെ നേരെയാക്കാൻ?

ഒന്നുണ്ട് തീർച്ച
ഇരുട്ടിന്റെയുള്ളീലൊരുറവ പൊട്ടുന്നുണ്ട്
അതിന് ആയിരം തലകളും
പതിനായിരം കൈകളുമുണ്ട്
അത് ഈ നാട്ടിലേക്കാണ് വരുന്നത്…..
അനന്തരം
ഞാൻ
ഉത്തരായനത്തിൽ പകുതിയിൽ
ആഗ്നേയശിലയിലൊരു രൂപമായി
കറുത്ത പൂച്ചയും ഇരട്ടക്കുട്ടികളും
എന്റെ ശരീരത്തിലെ
ഉറുമ്പുകളെ തുടച്ചെടുക്കുകയാണ് ………..

Comments

comments